ഹണിട്രാപ്പ് സംഘത്തിലെ മുഖ്യകണ്ണിയായ മോഡല്‍ പിടിയില്‍. മുംബൈ സ്വദേശിനിയായ നേഹ എന്ന മെഹര്‍ (27) ആണ് പിടിയിലായത്. ബെംഗളൂരു കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. ബെംഗളൂരുവില്‍മാത്രം 12 പേരെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷക്കണക്കിന് രൂപ നേഹയും സംഘവും തട്ടിയെടുത്തതായാണ് പോലീസിന് ലഭിച്ച വിവരം. ഇവരെ കുറിച്ച് അന്വേഷണം നടത്തി വരികയാണ്.
രണ്ട് ദിവസം മുൻപാണ് സംഘത്തിലെ മൂന്നുപേർ പുട്ടനഹള്ളി പോലീസിന്റെ പിടിയിലായത്. ഇവരെ ചോദ്യം ചെയ്യവേ ആണ് നേഹയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വരുന്നത്. ടെലഗ്രാമിലൂടെ നിരവധിപേരുമായി നേഹ ബന്ധം സ്ഥാപിക്കും. പിന്നീട് ഇവരെ ജെ.പി. നഗറിലെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തും. ബിക്കിനി ധരിച്ചാണ് ഇവരെ സ്വീകരിക്കുക. മുറിയിൽ എത്തിയാൽ ഉടൻ കൂടെ നിർത്തി ഫോട്ടോയെടുക്കും. പിന്നാലെ ഫോൺ തട്ടിയെടുത്ത് കോൺടാക്‌ട് ലിസ്റ്റിൽ നിന്ന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നമ്പറുകൾ ശേഖരിക്കും. തുടർന്ന് പണം ആവശ്യപ്പെടും. വഴങ്ങിയില്ലെങ്കിൽ നഗ്ന ദൃശ്യങ്ങൾ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തും. ഇതോടെ ചോദിച്ച പണം നൽകി ഇവർ രക്ഷപ്പെടും.
ഇങ്ങനെതട്ടിപ്പിനിരയായ ഒരാൾ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ജെ.പി. നഗറിലെ ഫ്‌ളാറ്റില്‍ നടത്തിയ തിരച്ചിലില്‍ ശരണപ്രകാശ്, അബ്ദുള്‍ ഖാദര്‍, യാസിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഈ സമയത്ത് മുംബൈയില്‍ പോയിരിക്കുകയായിരുന്നു നേഹ. മൊബൈല്‍ ടവര്‍ ലോക്കേഷന്‍ പരിശോധിച്ചാണ് ബെംഗളൂരു പോലീസ് മുംബൈയിലെത്തി നേഹയെ പിടികൂടിയത്.