ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റിനെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കെ കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി മുസ്‌ലിം ലീഗ്. ചര്‍ച്ചകള്‍ അനിശ്ചിതമായി നീളുന്നതില്‍ വിഷമമുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. തീരുമാനം വൈകുന്നതിൽ ലീഗ് പ്രവർത്തകർക്ക് ആശങ്കയുണ്ട്. മൂന്നാം സീറ്റ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം സീറ്റിൽ തീരുമാനം വൈകുന്നത് ശരിയല്ല. അധിക സീറ്റിലെങ്കിൽ ഒറ്റക്ക് മത്സരിക്കുമോ എന്നത് സാങ്കൽപിക ചോദ്യം മാത്രമാണ്. കെ.എസ് ഹംസയുടെ സ്ഥാനാർഥിത്വത്തിലൂടെ പൊന്നാനിയിൽ ലീഗിന് കാര്യങ്ങൾ എളുപ്പമായെന്നും പി.എം.എ സലാം പറഞ്ഞു. മുസ്‍ലിം ലീഗ് ഇടതുപക്ഷവുമായി സഹകരിക്കുന്നുവെന്ന് പാർട്ടി കമ്മറ്റിയിൽ പറഞ്ഞ കെ.എസ് ഹംസ ഇടതുപക്ഷ സ്ഥാനാർഥിയാകുന്നത് കൗതുകമാണെന്നും അദ്ദേഹം പറഞ്ഞു.ലീഗ് ഡിമാന്‍ഡ് നേരത്തെ യു.ഡി.എഫില്‍ പറഞ്ഞു. അതില്‍ മറ്റു ഘടകകക്ഷികളുമായി ആലോചിച്ച് ഒരു തീരുമാനം പറഞ്ഞിട്ടുണ്ട്. തീരുമാനം വന്നിട്ടില്ല. പലരീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. 25ന് എറണാകുളത്ത് ഉഭയകക്ഷി ചര്‍ച്ചകളുണ്ട്. ഇതിനപ്പുറത്തേക്ക് നീട്ടിക്കൊണ്ടു പോകാന്‍ കഴിയില്ല. ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. സാധാരണയായി എല്ലാ തെരഞ്ഞെടുപ്പുകളിലും യുഡിഎഫും മുസ്‍ലിം ലീഗും നേരത്തെ തന്നെ രംഗത്തിറങ്ങാറുണ്ട്. 25ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയോടെ തീരുമാനമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
മൂന്നാം സീറ്റ് കിട്ടുമെന്ന് തന്നെയാണ് കരുതുന്നത്. ആലോചിച്ച് അതിലൊരു തീരുമാനത്തിലെത്തും. അതുകൊണ്ട് മറിച്ചു ചിന്തിക്കേണ്ട ഒരാവശ്യവുമില്ല. ചര്‍ച്ച അനിശ്ചിതമായി നീണ്ടുപോകുമ്പോൾ പ്രവര്‍ത്തകരുടെ ഇടയിലും വോട്ടര്‍മാര്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാകും. അതുകൊണ്ട് വളരെപ്പെട്ടെന്ന് തന്നെ തീരുമാനമാകണം.27ന് നടക്കുന്ന പാര്‍ട്ടിയുടെ യോഗത്തില്‍ തീരുമാനങ്ങള്‍ പ്രഖ്യാപിക്കുമെന്നും സലാം വ്യക്തമാക്കി.