Sunday, October 6, 2024
HomeNewsKeralaമുഖ്യമന്ത്രി ക്രിമിനൽ, കലാപാഹ്വാനം നടത്തുന്നു, രാജിവെക്കണം; അല്ലെങ്കിൽ പൊതുമാപ്പ് പറയണം: വിഡി സതീശൻ

മുഖ്യമന്ത്രി ക്രിമിനൽ, കലാപാഹ്വാനം നടത്തുന്നു, രാജിവെക്കണം; അല്ലെങ്കിൽ പൊതുമാപ്പ് പറയണം: വിഡി സതീശൻ

നവകേരള സദസ്സ് യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണത്തെ ന്യായീകരിച്ച മുഖ്യമന്ത്രിക്ക് വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കലാപാഹ്വാനം നടത്തിയ മുഖ്യമന്ത്രി നികൃഷ്ടമായ ക്രിമിനല്‍ മനസിന് ഉടമയാണെന്ന് സതീശൻ പറഞ്ഞു. വനിതാ പ്രവർത്തകരെ പോലും ഒരു സംഘം ഗുണ്ടകൾ കായികമായി നേരിടുന്നത് കേരളത്തിന് അപമാനമാണെന്നും സതീശൻ കുറ്റപെടുത്തി. മുഖ്യമന്ത്രി രാജിവച്ച്‌ സ്ഥാനമൊഴിയണമെന്നും അതിന് മടിയുണ്ടെങ്കില്‍ ജനങ്ങളോട് പൊതുമാപ്പ് പറയണമെന്നും സതീശൻ ആലുവയിൽ പറഞ്ഞു. അധികാരത്തിന്റെ ധാര്‍ഷ്ട്യം മുഖ്യമന്ത്രിയെ പിടികൂടി. നികൃഷ്ട മനസാണ് മുഖ്യമന്ത്രിക്കെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വിരോധത്തിൽ മനഃപൂർവമായി കൊല്ലണമെന്ന ഉദേശത്തോടെയുള്ള ആക്രമണം എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കാൻ പിണറായി വിജയന് അർഹതയില്ല. ഒരു കൂട്ടം കുട്ടികളെ ഹെല്‍മറ്റും ഇരുമ്പ് വടിയും ചെടിച്ചട്ടിയും പൊലീസിന്റെ വയര്‍ലെസ് സെറ്റ് വച്ചും ഇടിച്ചിട്ട് എത്ര ഉളുപ്പില്ലാതെയാണ് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറയുന്നത് എന്നും സതീശൻ ചോദിച്ചു. വധശ്രമം തുടരണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവകേരള സദസില്‍ രാഷ്ട്രീയ പ്രചാരണം നടത്തുകയാണ്. ഉദ്യോഗസ്ഥരെ കൊണ്ട് പിരിവ് നടത്തിയാണോ ഈ പാര്‍ട്ടി പരിപാടി നടത്തുന്നത്. പഞ്ചായത്തില്‍ ജനങ്ങള്‍ അടയ്ക്കുന്ന നികുതി എടുത്ത് പാര്‍ട്ടി പരിപാടി നടത്തുകയാണ്. ഇതൊരു നാണംകെട്ട പരിപാടിയാണ്. കക്ഷിനേതാക്കളായ മന്ത്രിമാരെ മാത്രമാണ് പ്രഭാത ഭക്ഷണത്തിന് പോലും ക്ഷണിക്കുന്നത്. മറ്റുള്ളവര്‍ മുറികളിലിരിക്കുകയാണ്. തിരുവനന്തപുരത്ത് ഒരു ഭരണവും നടക്കുന്നില്ല. അഞ്ച് മാസം മുന്‍പ് അദാലത്ത് നടത്തി വാങ്ങിയ പരാതികള്‍ കെട്ടഴിച്ചുപോലും നോക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

നവകേരള സദസ്സിന് പണം നല്‍കരുതെന്ന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് പാലിക്കാതെ പണം നല്‍കിയ ഏതെങ്കിലും യുഡിഎഫ് ഭരണസമിതിയുണ്ടെങ്കില്‍ അവര്‍ ആ സ്ഥാനത്തുണ്ടാകില്ല. ആരെങ്കിലും തീരുമാനമെടുത്താല്‍ അതില്‍ ആവശ്യമായ തിരുത്തല്‍ വരുത്തുമെന്നും സതീശൻ പറഞ്ഞു. പിണറായി വിജയനുമായി സന്ധി ചെയ്യുന്ന പാർട്ടിയാണ് ബിജെപി. സംസ്ഥാനത്ത് എൽഡിഎഫും- യുഡിഎഫും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്. അതിൽ ബിജെപിക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments