അന്തരീക്ഷ ഈര്‍പ്പം ഉപയോഗിച്ച് മഴപെയ്യിക്കുന്നതിന് യുഎഇയുടെയും യു.എസിന്റെയും നേതൃത്വത്തില്‍ പഠനം നടത്തുന്നു.വരണ്ട കാലാവസ്ഥയില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ മഴ ലഭ്യമാക്കുന്നതിന് ആണ് ശ്രമം.അസര്‍ബൈജാനില്‍ നടന്ന യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം.
യുഎഇയും അമേരിക്കയും ചേര്‍ന്ന് രൂപീകരിച്ച അഗ്രികള്‍ച്ചര്‍ ഇന്നവേഷന്‍ മിഷന്‍ ഫോര്‍ ക്ലൈമറ്റ് അഥവാ എയിം ആണ് മഴ വര്‍ദ്ധിപ്പിക്കുന്നതിന് പുതിയ വഴികള്‍ തേടുന്നത്.അമേരിക്ക കമ്പനിയായ ഹെക ക്ലൗഡ് തയ്യാറാക്കിയ പദ്ധതിക്ക് എയിം സാമ്പത്തിക പിന്തുണ നല്‍കും.അന്തരീക്ഷ ഈര്‍പ്പം ഉപയോഗിച്ച് കര്‍ഷകര്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങളില്‍ രണ്ട് മില്ലിമീറ്റര്‍ വരെ മഴ പെയ്യിക്കുന്നതിന് തങ്ങളുടെ സാങ്കേതികവിദ്യയ്ക്ക് കഴിയും എന്നാണ് ഹെക ക്ലൗഡ് പറയുന്നത്.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്.
യുഎഇയുടെ തൊണ്ണൂറ് ശതമാനം പ്രദേശങ്ങളിലും ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മഴ പെയ്യിക്കുന്നതിന് സാധിക്കും.പരീക്ഷണഘട്ടത്തില്‍ തന്നെ ഫലപ്രദമായി മഴപെയിക്കാന്‍ കഴിയുന്നുണ്ടെന്നും ഹെക ക്ലൗഡ് വ്യ്ക്തമാക്കി.2020-ല്‍ ആണ് കാര്‍ഷികമേഖലയുടെ അഭിവൃദ്ധിക്കായി യുഎഇയും യുഎസും ചേര്‍ന്ന് എയിം എന്ന പദ്ധതി ആരംഭിച്ചത്.പൊതു സ്വകാര്യമേഖലകളില്‍ നിന്നും പണം സമാഹരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതുവരെ 2920 കോടി ഡോളര്‍ ആണ് സമാഹരിച്ചത്.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണൂറോളം പങ്കാളികളും ഇപ്പോള്‍ ഈ പദ്ധതിയുടെ ഭാഗമാണ്.