മലപ്പുറം തുവ്വൂരില്‍ നടന്നത് ദൃശ്യം മോഡല്‍ കൊലപാതകമെന്ന് മലപ്പുറം എസ്.പി. സുജിത്ദാസ്. നാലുപേര്‍ ചേര്‍ന്നാണ് തുവ്വൂര്‍ സ്വദേശി സുജിതയെ കൊലപ്പെടുത്തിയത്. പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ കൊലപ്പെടുത്തി കുഴിച്ചിട്ടു. അതിന് മുകളില്‍ മെറ്റലും ഹോളോബ്രിക്‌സും എം സാന്‍ഡും നിരത്തിയിരുന്നതായും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് കുളിമുറി നിര്‍മിക്കാനായിരുന്നു പ്രതികളുടെ പദ്ധതി.
ഓഗസ്റ്റ് 11-ാം തീയതിയാണ് സുജിതയെ കാണാതായത്. സുഹൃത്തും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയുമായ വിഷ്ണുവാണ് അവസാനമായി സുജിതയുടെ ഫോണിലേക്ക് വിളിച്ചത്. ഇത് കേന്ദ്രീകരിച്ചു പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കരുവാരകുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോളാണ് കൊലപാതക വിവരം പുറത്തായത്.
സുജിതയും വിഷ്ണുവും ഒരേ കെട്ടിടത്തിൽ ജോലി ചെയ്തിരുന്നവരാണ്. ഇരുവരും തമ്മിൽ വ്യക്തിപരമായ പരിചയവുമുണ്ടായിരുന്നു. ഇവർ തമ്മിൽ പണമിടപാടുകളും അതിന്റെ പേരിൽ തർക്കങ്ങളും ഉണ്ടായിരുന്നു. സുജിത 11–ാം തീയതി രാവിലെ ജോലിക്കായി ഓഫിസിൽ പോയിരുന്നു. അവിടെനിന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പോകുന്നുവെന്നു പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ വിഷ്ണുവിന്റെ വീട്ടിലാണ് എത്തിയത്. വീട്ടിലെത്തിയ സുജിത വിഷ്ണുവുമായി സംസാരിക്കുന്നതിനിടെ പുറത്ത് നിന്ന മറ്റു പ്രതികളും അകത്ത് വന്നു. ഇവർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. സുജിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ബോധംകെട്ടു വീണ സുജിതയുടെ കഴുത്തിൽ കയറിട്ട് ജനലിലൂടെ വലിച്ചു. തുടർന്ന് മൃതദേഹം കട്ടിലിനടിയിൽ ഒളിപ്പിച്ച ശേഷം ആഭരണങ്ങൾ കൊണ്ടുപോയി വിറ്റു. അവിടെനിന്നു കിട്ടിയ പണം എല്ലാവരും വീതിച്ചെടുത്തു.
രാത്രി വീടിന്റെ പിന്നിൽ വേസ്റ്റ് ഇടുന്ന കുഴി വലുതാക്കി മൃതദേഹം മണ്ണിട്ടു മൂടി. കുഴിച്ചിട്ട സ്ഥലത്ത് ഒരു ബാത്റൂം പണിയാൻ പ്രതികൾ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി ഹോളോബ്രിക്സും എം സാൻഡും മെറ്റലും ഇതിനു മുകളിൽ കൊണ്ടുവന്നിട്ടു. വളരെ ആസൂത്രിതമായി നടന്ന കൊലപാതകമാണിതെന്നും എസ് പി വ്യക്തമാക്കി.
കൊലപാതകത്തിൽ പിടിയിലാവില്ലെന്ന വിശ്വാസം വിഷ്ണുവിന് ഉണ്ടായിരുന്നു. യുവതിയെ കാണാതായത്തിനു പിന്നാലെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് വലിയ പ്രചരണമാണ് വിഷ്ണു നടത്തിയത്. പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.