മലപ്പുറം പൂക്കോട്ടുംപാടത്ത് കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍. അസം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്മത്തുള്ളയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്.കൃഷിസ്ഥലത്ത് സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റാണ് മരണം. കാട്ടുപന്നികളെ തുരത്താനായാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ആള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അമരമ്പലത്തെ ഇഷ്ടികക്കളത്തില്‍ ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. കുട്ടിയെ കാണാതായതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.