മഥുര ഷാഹി ഇദ്ഗാഹ് മസ്ജിദ് പൊളിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. മഥുരയിലെ ഷാഹി ഈദ്ഗാ മസ്ജിദ് സ്ഥലം കൃഷ്ണ ജന്മഭൂമിയായി അംഗീകരിക്കുന്നതിനും മസ്ജിദ് നീക്കം ചെയ്യുന്നതിനുമുള്ള ഹർജി പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. ഇതേ വിഷയത്തില്‍ നിരവധി ഹർജികള്‍ വിവിധ കോടതികളുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തില്‍ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
അലഹബാദ് ഹൈക്കോടതി പൊതുതാൽപര്യ ഹർജി തള്ളിയതിനെ തുടർന്ന് അഭിഭാഷകനായ മഹെക് മഹേശ്വരി സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയായിരുന്നു ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ദീപാങ്കർ ദത്തയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. ഒരേ വിഷയത്തിൽ നിരവധി സിവിൽ കേസുകൾ നിലനിൽക്കുന്നതിനാൽ പൊതുതാൽപര്യ ഹർജി ആവശ്യമില്ലെന്ന് ജസ്റ്റിസ് ഖന്ന വ്യക്തമാക്കി. ഏത് നിയമനിർമ്മാണത്തിന്റെയും വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്ത് ഹർജിക്കാരന് പ്രത്യേക ഹർജി നൽകാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
‘ നമുക്ക് കേസുകളുടെ ബാഹുല്യം ഉണ്ടാകരുത്. നിങ്ങൾ ഇത് ഒരു പൊതുതാൽപ്പര്യ ഹർജിയായി ഫയൽ ചെയ്തു, അതിനാലാണ് തള്ളിയത്. അല്ലാത്ത വിധത്തിൽ ഫയൽ ചെയ്യുക, ഞങ്ങൾ നോക്കാം’ എന്നും ജസ്റ്റിസ് ഖന്ന പറഞ്ഞു. ഹർജിക്കാരന് പ്രത്യേകം ഫയൽ ചെയ്യാൻ സ്വാതന്ത്ര്യമുണ്ടോയെന്ന് വ്യക്തമാക്കാൻ ആവശ്യപ്പെട്ടപ്പോൾ ഹർജിക്കാരൻ്റെ അഭിഭാഷകനോട് ‘ഇത് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്’ എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുപടി. ഇത് ഒരു പ്രത്യേക ഹർജിയായി സമർപ്പിക്കാമോ എന്ന് അഭിഭാഷകൻ വീണ്ടും ചോദിച്ചപ്പോൾ ‘അത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പൊതുതാൽപര്യ ഹർജിയായിട്ടല്ല’, എന്നായിരുന്നു ജസ്റ്റിസ് ഖന്നയുടെ മറുപടി.
ഹർജിയിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങളിൽ ഇതിനകം തീർപ്പുകൽപ്പിക്കാത്ത സ്യൂട്ടുകൾ പരിഗണനയിലാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങിയ ബെഞ്ച് നേരത്തെ മഹേശ്വരിയുടെ പൊതുതാൽപ്പര്യ ഹർജി തള്ളിയത്.