മണിപ്പുര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേ ലോക്‌സഭയില്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസപ്രമേയ നോട്ടീസിന് അനുമതി. കോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവ് ഗൗരവ് ഗൊഗോയി നല്‍കിയ നോട്ടീസിനാണ് സ്പീക്കര്‍ അനുമതി നല്‍കിയത്. മന്ത്രിസഭയില്‍ വിശ്വാസം നഷ്ടപ്പെട്ടതായുള്ള ഒറ്റവരി നോട്ടീസ് ഗൊഗോയി സഭയില്‍ വായിച്ചു.
പ്രമേയത്തിനുള്ള പിന്തുണ സ്പീക്കര്‍ പരിശോധിച്ചു. പ്രതിപക്ഷാംഗങ്ങള്‍ എഴുന്നേറ്റുനിന്ന് നോട്ടീസിനെ പിന്തുണച്ചു. അന്‍പതിലേറെ അംഗങ്ങളുടെ പിന്തുണ വ്യക്തമായതിനെത്തുടര്‍ന്ന് എല്ലാ പാര്‍ട്ടികളിലേയും നേതാക്കളുമായി സംസാരിച്ച്, പ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കുള്ള സമയം തീരുമാനിക്കുമെന്ന് സ്പീക്കർ ഓം ബിർള സഭയെ അറിയിച്ചു.
കോണ്‍ഗ്രസും പ്രതിപക്ഷസഖ്യമായ ‘ഇന്ത്യ’യുടെ ഭാഗമല്ലാത്ത ബി.ആര്‍.എസുമാണ് അവിശ്വാസപ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. കെ. ചന്ദ്രശേഖര്‍ റാവുവിന്റെ പാര്‍ട്ടിയായ ബി.ആര്‍.എസ്. എം.പി. നാമനാഗേശ്വര റാവുവുവും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. മണിപ്പൂർ വിഷയത്തിൽ പാർലമെൻറിൽ നരേന്ദ്രമോദി സംസാരിക്കണമെന്ന് ആവശ്യം ശക്തമാക്കിയാണ് നോട്ടീസ് നൽകിയത്.