നിശ്ചയദാര്‍ഢ്യമുള്ളവര്‍ക്ക് യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍. യാത്രകള്‍ക്ക് അമ്പത് ശതമാനം ഇളവ് ലഭിക്കും. ദുബൈ ടാക്‌സി കോര്‍പ്പറേഷന്റെ ആപ്പ് വഴി ബുക്ക് ചെയ്യുമ്പോഴാണ് ഇളവ് ലഭിക്കുക.നിശ്ചയദാര്‍ഢ്യക്കാര്‍ക്ക് വലിയ നിരക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് ദുബൈ ടാക്‌സി കോര്‍പ്പറേഷന്‍. ടാക്‌സികളില്‍ 50 ശതമാനം ഇളവ് നല്‍കും. ഡിടിസി. ആപ്പ് വഴി ടാക്‌സി സേവനം ബുക്ക് ചെയ്യുമ്പോഴാണ് ഇളവ് ലഭിക്കുക.
സനദ് കാര്‍ഡ് കൈവശമുള്ള നിശ്ചയദാര്‍ഢ്യക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന വിധമാണ് സംവിധാനം രൂപകല്പന ചെയ്തിരിക്കുന്നത്. വീല്‍ച്ചെയര്‍ ഉപയോക്താക്കള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക ടാക്‌സികള്‍ക്ക് പകരം സാധാരണ ടാക്‌സികള്‍ ഇതുവഴി ബുക്ക് ചെയ്യാം. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായ പൊതുഗതാഗത സേവനങ്ങളാണ് ഡിടിസി നല്‍കിവരുന്നത്. ഇത് കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്വത്തേയും നിശ്ചയദാര്‍ഢ്യക്കാരെ ശാക്തീകരിക്കുന്നതിനുള്ള സര്‍ക്കാര്‍ ലക്ഷ്യങ്ങളെ പിന്തുണക്കുകയും ചെയ്യുന്നു. നിശ്ചയദാര്‍ഢ്യക്കാര്‍ക്കിടയിലും മികച്ചസേവനം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് ദുബൈ ടാക്‌സി കമ്പനിയുടെ ആക്ടിങ് ചീഫ് ബിസിനസ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്ല ഇബ്രാഹിം അല്‍ മീര്‍ പറഞ്ഞു.
നിശ്ചയദാര്‍ഢ്യക്കാര്‍ക്കായി രൂപകല്പന ചെയ്തിരിക്കുന്ന ഡിടിസിയുടെ വാഹനങ്ങള്‍ക്ക് വലിയ ജനപ്രീതിയുണ്ട്. അത്യാധുനിക സംവിധാനങ്ങളാണ് ഇത്തരം വാഹനങ്ങളിലുള്ളത്. സ്മാര്‍ട്ട് ആപ്പിലൂടെയാണ് നിലവില്‍ ഡിടിസി പീപ്പിള്‍ ഓഫ് ഡിറ്റര്‍മിനേഷന്‍ ടാക്‌സി സേവനം നല്‍കുന്നത്. ഏത് സമയവും സുരക്ഷിത സേവനം ലഭ്യമാണെന്നും അല്‍ മീര്‍ വ്യക്തമാക്കി.