കൊല്ലം പാരിപ്പള്ളിയിൽ ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊലപ്പെടുത്തി. കർണാടക കുടക് സ്വദേശി നാദിറയാണ് കൊല്ലപ്പെട്ടത്.
നാവായിക്കുളം സ്വദേശി റഹീം ഭർത്താവ് നാലു ദിവസം മുൻപാണ് ജയിലിൽ നിന്നും ഇറങ്ങിയത്. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഇയാൾ സ്വയം കഴുത്ത് മുറിച്ച് കിണറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
പാരിപ്പള്ളി അക്ഷയകേന്ദ്രത്തിലെ ജീവനക്കാരിയായിരുന്നു നദീറ. രണ്ട് വര്‍ഷമായി ഇവിടെ ജോലി ചെയ്യുകയായിരുന്നു. രാവിലെ ഹെല്‍മറ്റ് ധരിച്ച് സെന്ററിലെത്തിയ റഹീം മണ്ണെണ്ണ ഒഴിച്ച് ഭാര്യയെ തീകൊളുത്തുകയായിരുന്നു. ഭാര്യയുടെ മരണം ഉറപ്പാക്കിയതിന് ശേഷം കത്തി വീശി പുറത്തേക്ക് ഓടി. സംഭവം കണ്ടുനിന്ന കസ്റ്റമറായ പെൺകുട്ടിയുടെ നിലവിളി കേട്ട് അക്ഷയ സെന്ററിലെ മറ്റ് ജീവനക്കാർ എത്തിയപ്പോഴേക്കും മുറിയിൽ തീയും പുകയും നിറഞ്ഞിരുന്നു. ഊരിപിടിച്ച കത്തിയുമായി റഹീം അക്ഷയ സെന്ററിന്‍റെ പുറത്തിറങ്ങി പാരിപ്പള്ളി പരവൂർ റോഡിലൂടെ ഓടി. തുടർന്നാണ് തൊട്ടടുത്തുള്ള പുരയിടത്തിലെ കിണറ്റിലേക്ക് ചാടിയത്.
നദീറയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ റിമാന്‍ഡിലായിരുന്നു റഹീം. ഇയാൾ അതിക്രൂരമായി ഇവരെ അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. പള്ളിക്കല്‍ പോലീസില്‍ വധശ്രമത്തിനുള്‍പ്പെടെ ഇയാള്‍ക്കെതിരെ കേസുണ്ട്. ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന ഇയാള്‍ പലകുറി ഇവരെ പിന്തുടർന്നിരുന്നു.