ബ്രിട്ടനില്‍ കുടിയേറ്റ-മുസ്ലിം വിരുദ്ധ കലാപം വ്യാപിക്കുന്നു.ഇതുവരെ നാനൂറിലധികം കലാപകാരികള്‍ ആണ് അറസ്റ്റിലായത്. സ്ഥിതിഗതികള്‍ നിയന്ത്രണാധീതമായതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചുചേര്‍ത്തു.തീവ്രവലതുപക്ഷക്കാരുടെ കുടിയേറ്റ വിരുദ്ധകലാപം പടര്‍ന്നുപിടിക്കുകയാണ്
യു.കെ നഗരങ്ങളില്‍.
ലിവര്‍പൂളിന് സമീപം സൗത്ത് പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. പെണ്‍കുട്ടികളുടെ കൊലപാതകി കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തിന് പിന്നാലെയാണ് പ്രക്ഷോഭങ്ങള്‍ ആരംഭിച്ചതും അത് കലാപമായി വഴിമാറിയതും. പെണ്‍കുട്ടികളുടെ കൊലപാതകത്തിന് പിന്നില്‍ കുടിയേറ്റക്കാര്‍ അല്ലെന്നും പ്രതി വെയില്‍സില്‍ ജനിച്ച പതിനേഴുകാരന്‍ ആണെന്നും സര്‍ക്കാര്‍ തന്നെ വ്യക്തമാക്കി.പക്ഷെ നുണപ്രചാരണം തുടരുകയും തീവ്രവലതുപക്ഷ സംഘങ്ങള്‍ തെരുവുകളില്‍ കലാപം സൃഷ്ടിക്കുന്നത് തുടരുകയും ആണ്. സമൂഹമാധ്യമങ്ങളിലൂടെ ഏകോപിപ്പിക്കപ്പെട്ടാണ് കലാപകാരികള്‍ തെരുവുകളില്‍ ഒത്തുകൂടുന്നത്. കറുത്തവര്‍ക്കാര്‍ക്കും ഏഷ്യക്കാര്‍ക്കും എതിരെ ആക്രമണവും അരങ്ങേറുന്നുണ്ട്. യു.കെയിലെ മലയാളി സമൂഹവും ജാഗ്രതയിലാണ്. ലിവര്‍പൂള്‍,ബ്രിസ്റ്റള്‍,മാഞ്ചസ്റ്റര്‍,നോട്ടിങ്ഹാം തുടങ്ങി വിവിധയിടങ്ങളില്‍ കലാപകാരികള്‍ ആക്രമണം നടത്തുന്നുണ്ട്.
പെട്രോള്‍ ബോംബുകളും പടക്കവും കുപ്പികളും എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് കലാപകാരികള്‍ തെരുവുകള്‍ കീഴടക്കുന്നത്. കടകളും കലാപകാരികള്‍ കൊള്ളയടിക്കുന്നുണ്ട്. മുസ്ലിം പള്ളികള്‍ക്ക് നേര്‍ക്കും പൊലീസ് സ്റ്റേഷനുകള്‍ക്ക് നേരെയും പ്രക്ഷോഭകര്‍ ആക്രമണം നടത്തി. കലാപം അടിച്ചമര്‍ത്തുന്നതിന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ ഇന്ന് അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. കലാപങ്ങളില്‍ പങ്കെടുക്കന്നവര്‍ക്ക് എതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകും എന്നും കെയ്ര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി.