Saturday, July 27, 2024
HomeNewsNationalബില്ലുകളില്‍ ഒപ്പിടാത്ത ഗവർണർമാർക്ക് രൂക്ഷ വിമര്‍ശനം; ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാ തലവന്‍ മാത്രമെന്ന് സുപ്രീംകോടതി

ബില്ലുകളില്‍ ഒപ്പിടാത്ത ഗവർണർമാർക്ക് രൂക്ഷ വിമര്‍ശനം; ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാ തലവന്‍ മാത്രമെന്ന് സുപ്രീംകോടതി

ജനാധിപത്യ സംവിധാനത്തിൽ യഥാര്‍ത്ഥ അധികാരം ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ക്കാണെന്നും രാഷ്ട്രപതിയുടെ നോമിനിയായ ഗവര്‍ണര്‍ സംസ്ഥാനത്തിന്റെ അധികാരം ഇല്ലാ തലവന്‍ മാത്രമാണെന്നും സുപ്രീംകോടതി. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍മാരുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് തീകൊണ്ടാണ് കളിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിയുടെ നടപടി ആശങ്കപ്പെടുത്തുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും കോടതി നിർദ്ദേശിച്ചു.ഗവര്‍ണര്‍മാര്‍ ഇങ്ങനെ പെരുമാറിയാല്‍ പാര്‍ലമെന്ററി ജനാധിപത്യം എവിടെയെത്തുമെന്നും സുപ്രീം കോടതി ചോദിച്ചു. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍കൂടി അടങ്ങുന്നതാണ് സർക്കാർ. സര്‍ക്കാരിന്റെ സഹായത്തോടെയും ഉപദേശത്തിന്റെയും അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍മാര്‍ പ്രവർത്തിക്കേണ്ടത്. ഭരണഘടനാപരമായ വിഷയങ്ങളിൽ സര്‍ക്കാരിന് മാര്‍ഗനിര്‍ദേശം നല്‍കുക എന്നതാണ് ഗവർണറുടെ ചുമതലയെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് അനുമതി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നുവെന്ന് ആരോപിച്ച് പഞ്ചാബ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ജൂണ്‍ 19, 20 തീയതികളില്‍ ചേര്‍ന്ന പഞ്ചാബ് നിയമസഭയുടെ സമ്മേളനം ഭരണഘടനാവിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ ആരോപണം. എന്നാല്‍, സ്പീക്കര്‍ വിളിച്ചുചേര്‍ത്ത നിയമസഭാസമ്മേളനം ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് നിയമപരമല്ലെന്ന് പറയുന്നതെന്ന് സുപ്രീംകോടതി ആരാഞ്ഞു. സഭാസമ്മേളനം നിയമപരമാണെന്നും നാല് ബില്ലുകളിലും ഉടന്‍ തീരുമാനം എടുക്കണമെന്നും കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. സഭാസമ്മേളനം ചേരാത്തതിന് പഞ്ചാബ് സര്‍ക്കാരിനെയും സുപ്രീംകോടതി വിമര്‍ശിച്ചു.

നിയമസഭ പാസ്സാക്കിയ 12-ഓളം ബില്ലുകളാണ് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവി തീരുമാനമെടുക്കാതെ പിടിച്ചുവച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കും ഗവര്‍ണര്‍ അനുമതി നല്‍കുന്നില്ല. ഗവര്‍ണറുടെ ഈ നടപടി ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തമിഴ്‌നാട് സര്‍ക്കാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ നവംബര്‍ 20-ന് വിശദമായി വാദംകേള്‍ക്കാനും സുപ്രീം കോടതി തീരുമാനിച്ചു.

അതേസമയം സുപ്രീം കോടതി നിരീക്ഷണത്തോടു പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരളത്തിന്റെ വിഷയം സുപ്രീം കോടതി പരിഗണിച്ചിട്ടില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. കേരള നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണന്‍ എംഎല്‍എയും നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments