മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇവരുടെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്നങ്ങളാകാം ഇവരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ തട്ടി മരിച്ചത്. മരിച്ചവരുടെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് വിശദമായി പരിശോധിക്കുകയാണെന്ന് മലമ്പുഴ പൊലീസ് അറിയിച്ചു
. മലയിടുക്കിൽ കുടുങ്ങിപ്പോയ ബാബു എന്ന 23കാരനെ 45 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ദൗത്യസംഘം ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. മൂന്ന് സുഹൃത്തുക്കളോടൊപ്പമാണ് ബാബു മല കയറിതുടങ്ങിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള ചെറാട് മലയുടെ മുകളിലെത്തുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍ ദൗത്യം എളുപ്പമായിരുന്നില്ല. കനത്ത വെയിലായതിനാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ചു. ഈ സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു.