അബുദബി: യുഎഇയിലെ പ്രമുഖ ബാങ്കുകളുടെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് തട്ടിപ്പ് വ്യാപകമാകുന്നു. ബാങ്കിന്റെ സേവനങ്ങള്‍ തുടര്‍ന്ന് ലഭിക്കണമെങ്കില്‍ വിളിക്കാന്‍ ആവശ്യപ്പെട്ടാണ് സന്ദേശം ലഭിക്കുന്നത്. ബാങ്കുകളുടെ പേരില്‍ വ്യാജ നോട്ടീസും പ്രചരക്കുന്നുണ്ട്. തട്ടിപ്പില്‍പ്പെടാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. ഉപയോക്താക്കളുടെ ഫോണില്‍ ബാങ്കുകളുടെ പേരില്‍ സന്ദേശം ലഭിക്കും. ബാങ്ക് നല്‍കുന്ന സേവനങ്ങള്‍ അവസാനിച്ചതായും തുടരണമെങ്കില്‍ തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടാനും ആവശ്യപ്പെടും. സുരക്ഷാ കാരണങ്ങളാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായും, എടിഎം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായതായും അറിയച്ചാണ് സന്ദേശങ്ങള്‍ ലഭിക്കുക. ബാങ്കിന്റെ ഔദ്യോഗിക രേഖ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ്. നമ്പറില്‍ ബന്ധപ്പെടുന്നവരുടെ അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കിയ ശേഷം പണം കവരുന്നതാണ് രീതി. ബാങ്കില്‍ നിന്നും എന്ന പേരില്‍ ലീഗല്‍ നോട്ടീസ് ഉപയോക്താക്കള്‍ക്ക് ലഭിച്ചതോടെ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് രീതികള്‍ പുറത്തറിയുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ രാജ്യത്തെ ബാങ്കുകള്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
ഇതിനു പുറമേ ബാങ്ക് പ്രതിനിധികളാണെന്ന് പരിചയപ്പെടുത്തി ഫോണ്‍ കോളുകളിലൂടെയും തട്ടിപ്പ് വ്യാപകുമാകുന്നുണ്ട്. ഇത്തരം ചതിക്കുഴിയില്‍ അകപ്പെടാതിരിക്കാന്‍ സ്വയം ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് പൊലീസ്. അക്കൗണ്ടുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന്റെ പേരില്‍ എസ്എംഎസ്, വാട്‌സ്ആപ്പ്, ഇമെയിലുകള്‍, ഫോണ്‍ കോളുകള്‍ എന്നിവ വഴി വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ബാങ്കുകള്‍ ഉപയോക്താക്കളോട് ആവശ്യപ്പെടില്ലെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. അടുത്തിടെ തട്ടിപ്പുകളില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്കാണ് പണം നഷ്ടമായത്. തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തിനകത്തും പുറത്തുമുള്ള ഏഴ് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.