ഗാസയില്‍ ഹമാസ് ബന്ദികളാക്കിയവരുടെ മോചനം വൈകാതെ സാധ്യമാകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹു. സാഹചര്യങ്ങള്‍ മെച്ചപ്പെട്ടുവരികയാണെന്നും നെതന്യാഹു പറഞ്ഞു. ഇതിനിടെ ഐക്യരാഷ്ട്രസഭയുടെ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിനുള്ള ബില്ലിന് ഇസ്രയേല്‍ പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കി.ബന്ദികളുടെ കുടുംബാംഗങ്ങളോട് ആണ് മോചനം വൈകാതെ ഉണ്ടാകും എന്ന് ബെന്യമിന്‍ നെതന്യാഹു വ്യക്തമാക്കിയത്.
യു.എസ് സന്ദര്‍ശനത്തിനിടെ വാഷിംഗ്ഡണ്ണിലാണ് ബന്ദികളുടെ കുടുംബാംഗങ്ങളോട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവരികയാണേന്നു നല്ല സൂചനകളാണ് ലഭിക്കുന്നതെന്നും വിശദീകരിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശത്തിലേക്ക് ചര്‍ച്ചകള്‍ എത്തിക്കാന്‍ മധ്യസ്ഥ രാഷ്ട്രങ്ങള്‍ ശ്രമിക്കുകയാണെന്നും അത് വിജയത്തിലേക്ക് എത്തുകയാണെന്നും യു.എസ് വിദേശകാര്യസെക്രട്ടറി ആന്റണി ബ്ലിങ്കനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അമേരിക്ക സന്ദര്‍ശിക്കുന്ന ബെന്യമിന്‍ നെതന്യാഹു വ്യാഴാഴ്ച ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും എന്നാണ് വിവരം. അമേരിക്കന്‍ കോണ്‍ഗ്രസിനേയും നെതന്യാഹു അഭിസംബോധന ചെയ്യും.
ഇതിനിടെ ഗാസയില്‍ പ്രവര്‍ത്തിക്കുന്ന യു.എന്‍ പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍ ഭരണകൂടം. പലസ്തീന്‍ അഭയാര്‍ത്ഥി ഏജന്‍സിക്ക് ഹമാസുമായി നേരിട്ട് ബന്ധമുണ്ടെന്ന് നേരത്തെ മുതല്‍ ഇസ്രയേല്‍ നേതാക്കള്‍ ആരോപിക്കുന്നതാണ്. ഏജന്‍സിയുടെ കീഴിലുള്ള അഭയാര്‍ത്ഥി കേന്ദ്രങ്ങളും സ്‌കൂളുകളും എല്ലാം ഹമാസ് ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കുന്നുവെന്നും ഇസ്രയേല്‍ ആരോപിക്കുന്നുണ്ട്. ഏജന്‍സിയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതിനും ബന്ധം വിച്ഛേദിക്കുന്നതിനുമുള്ള ബില്ലിന് ആണ് ഇസ്രയേല്‍ പാര്‍ലമെന്റ് പ്രാഥമിക അംഗീകാരം നല്‍കിയിരിക്കുന്നത്.