ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്തായി. യുഎസിനെ അട്ടിമറിച്ച് സ്വീഡന്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മെല്‍ബണ്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സഡന്‍ ഡെത്തിലൂടെയാണ് സ്വീഡന്റെ അട്ടിമറി ജയം. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-4 നാണ് യുഎസ് പരാജയപ്പെട്ടത്.
വനിതാ ലോകകപ്പ് ചരിത്രത്തില്‍ ഇതാദ്യമായാണ് സെമി ഫൈനൽ കാണാതെ യുഎസ് ടൂർണമെന്റിൽ നിന്ന് പുറത്താവുന്നത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകള്‍ക്കും ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം നീങ്ങുകയായിരുന്നു. യുഎസ്സിന് വേണ്ടി ആന്‍ഡി സള്ളിവന്‍, ലിന്‍ഡ്‌സെ ഹൊറാന്‍, ക്രിസ്റ്റി മെവിസ് എന്നിവരും സ്വീഡനുവേണ്ടി ഫ്രിഡോളിന റോള്‍ഫോ, എലിന്‍ റൂബെന്‍സണ്‍, ഹന്ന ബെന്നിസണ്‍ എന്നിവരും ലക്ഷ്യം കണ്ടു. സഡന്‍ ഡെത്തില്‍ യുഎസ്സിന് വേണ്ടി അലീസ നേഹര്‍, മഗ്ദലെന എറിക്‌സണ്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. എന്നാല്‍ ഏഴാം കിക്കെടുത്ത യുഎസ്സിന്റ കെല്ലി ഒ ഹാരയ്ക്ക് പിഴച്ചു. തുടന്ന് വന്ന ലിന ലക്ഷ്യം കണ്ടതോടെ സ്വീഡന്‍ അട്ടിമറി വിജയം നേടുകയായിരുന്നു.