ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിലവിലെ ഇന്ത്യൻ ശിക്ഷാനിയമത്തിന് പകരമായി ഭാരതീയ ന്യായ സംഹിത 2023, ക്രിമിനൽ നടപടി ചട്ടത്തിന് പകരമായി ഭാരതീയ നാഗരിഗ് സുരക്ഷാ സംഹിത, ഇന്ത്യൻ തെളിവ് നിയമത്തിന് പകരമായ ഭാരതീയ സാക്ഷ്യ സംഹിത എന്നീ ബില്ലുകളാണ് അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചത്. കൂട്ട ബലാത്സംഗക്കേസിലെ പ്രതികൾക്ക് 20 വർഷത്തെ തടവുശിക്ഷ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത പ്രതികൾക്ക് വധശിക്ഷ എന്നിവ പുതിയ ഭേദഗതിയിൽ പറയുന്നു.
പുതിയ നിയമപ്രകാരം രാജ്യദ്രോഹ നിയമം പൂർണമായും എടുത്തുമാറ്റപ്പെടുമെന്നു അമിത് ഷാ വ്യക്തമാക്കി. നിലവിൽ, രാജ്യദ്രോഹ കുറ്റത്തിന് ജീവപര്യന്തം തടവ് ശിക്ഷയോ മൂന്ന് വർഷം വരെ നീട്ടിയേക്കാവുന്ന ജയിൽ ശിക്ഷയോ ലഭിക്കും. എന്നാൽ, മൂന്ന് വർഷത്തെ തടവ് 7 വർഷമാക്കി മാറ്റുന്നതാണ് പുതിയ വ്യവസ്ഥ. രാജ്യദ്രോഹക്കുറ്റം ഇപ്പോഴും അതേരീതിയിൽ ഉപയോഗിക്കുന്നതിൽ സുപ്രീം കോടതി ഇടപെടുന്ന സംഭവങ്ങൾ വരെയുണ്ടായിരുന്നു. അത് പൂർണമായും പിൻവലിച്ച് പുതിയ ബില്ലിന്റെ സെക്ഷൻ 150ൽ രാജ്യത്തിനെതിരായ കുറ്റങ്ങളെ സംബന്ധിച്ച് പ്രതിപാദിക്കുന്നുണ്ട്.
ഐപിസിയിലെ 511 വകുപ്പുകൾക്ക് പകരം ഭാരതീയ ന്യായ സംഹിതയിൽ 356 വകുപ്പുകളാകും ഉണ്ടാവുക. അതിന് പുറമെ175 വകുപ്പുകൾ ഭേദഗതി വരുത്തുകയും ചെയ്യും. ചെറിയകുറ്റങ്ങൾക്ക് നിർബന്ധിത സാമുഹിക സേവനം അടക്കം അവതരിപ്പിച്ചിട്ടുണ്ട്.