പുന്നമൂട്ടിൽ ആറു വയസ്സുകാരി നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്ന് ചാടി മരിച്ചു. കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കൊണ്ടുവന്ന ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളി മാറ്റി ട്രെയിനിൽ നിന്നും ശ്രീമഹേഷ് പുറത്തേക്ക് ചാടുകയായിരുന്നു.
2023 ജൂൺ ഏഴിന് രാത്രിയാണ് കേസിന് ആസ്പമായ സംഭവം. മഴു ഉപയോഗിച്ച് നക്ഷത്രയെ ശ്രീമഹേഷ് വെട്ടി കൊലപ്പെടുത്തി. ബഹളം കേട്ട് ഓടിയെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടിപ്പരുക്കേൽപ്പിച്ചു. കൊലപാതകത്തിന് തൊട്ടടുത്ത ദിവസം റിമാൻഡിലായ പ്രതി ജയിലിൽ വച്ച് ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
രണ്ടാം വിവാഹത്തിന് മകൾ തടസ്സമാകുമെന്ന് കണ്ടതോടെയാണ് നക്ഷത്രയെ ശ്രീമഹേഷ് കൊലപ്പെടുത്തിയത്. 76 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ്എച്ച്ഒ സി ശ്രീജിത് ആണ് കുറ്റപത്രം സമർപ്പിച്ചത്. കുറ്റപത്രം വായിച്ചു കേൾപ്പിച്ചതിന് ശേഷം ജനുവരി 16ന് സാക്ഷിവിസ്താരം ആരംഭിക്കാനായി കേസ് കോടതി മാറ്റിയിരുന്നു.