രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ 72.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ചിലയിടങ്ങളിൽ സമയം കഴിഞ്ഞും നീണ്ട ക്യൂ ഉണ്ടായിരുന്നു. ചില ബൂത്തുകളിൽ പോളിംഗ് വൈകിയിരുന്നു. ഇതിനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മൻ പരാതിയുമായി രംഗത്തെത്തി. പോളിംഗ് സമയം കൂട്ടണമെന്നും അന്വേഷണം വേണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.
ഉച്ചയ്ക്ക് ഒന്നരയോടെ തന്നെ പോളിങ് 50% പിന്നിട്ടിരുന്നു. ചില ഇടങ്ങളിൽ മഴ ഉണ്ടായെങ്കിലും മണ്ഡലത്തിൽ പോളിങ്ങിനെ അത് ബാധിച്ചില്ല. പോളിങ് അവസാന മണിക്കൂറുകളിലേക്കു കടന്നപ്പോൾ നിരവധിപ്പേരാണ് വോട്ടു ചെയ്യാൻ എത്തിയത്. ഉച്ചവരെയുള്ള വോട്ടിങ് ശതമാനം 2021ലേതിനേക്കാൾ ഉയർന്നതോടെ മുന്നണികൾ പ്രതീക്ഷയിലാണ്.
മികച്ചപോളിങ് തങ്ങൾക്ക് അനുകൂലം ആണെന്ന അവകാശ വാദവുമായി ഇടത് വലത് മുന്നണികൾ രംഗത്തെത്തി. ഉറച്ച വിജയ പ്രതീക്ഷയിലാണ് സ്ഥാനാര്‍ഥികള്‍. പുതിയ പുതുപ്പള്ളിയുടെ ചരിത്രദിനമാണെന്ന് ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് പ്രതികരിച്ചു. വോട്ടെടുപ്പ് ദിവസം ഉമ്മൻ ചാണ്ടിയുടെ ഓർമകൾ സജീവമാക്കി നിർത്തി യുഡിഎഫ് ക്യാമ്പ്. ഉമ്മൻചാണ്ടി എന്ന വികാരവും വികസനവും രാഷ്ട്രീയവും കുടുംബ വിഷയങ്ങളും വരെ തർക്കങ്ങളായ തെരഞ്ഞെടുപ്പിൽ ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്നത് വോട്ടായി കഴിഞ്ഞു. അത് എന്താണെന്ന് 8ആം തീയതി അറിയാം.