ഷാര്‍ജയില്‍ പുതിയ കെട്ടിടവാടക നിയമം പ്രഖ്യാപിച്ചു.വാടകകരാര്‍ ഒപ്പുവെച്ചാല്‍ മൂന്ന് വര്‍ഷത്തേക്ക് താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടാന്‍ അധികാരമില്ലെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. മൂന്ന് വര്‍ഷത്തേക്ക് വാടകവര്‍ദ്ധനയും അനുവദിക്കില്ല.
യുഎഇ സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് പുതിയ വാടകനിയമത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്.
താമസകെട്ടിടങ്ങളില്‍ നിന്ന് മൂന്ന് വരെയും വാണിജ്യ കെട്ടിടങ്ങളില്‍ നിന്നും അഞ്ച് വര്‍ഷം വരെയും വാടകക്കാരോട് ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. എന്നാല്‍ സമയപരിധി കഴിഞ്ഞ് പതിനഞ്ച് ദിവസത്തിനുള്ളില്‍ വാടകനല്‍കിയില്ലെങ്കില്‍ ഒഴിഞ്ഞുപോകാന്‍ ആവശ്യപ്പെടുന്നതിന് ഉടമയ്ക്ക് അവകാശം ഉണ്ട്. കരാറില്‍ പറഞ്ഞിട്ടുള്ള ആവശ്യത്തിന് അല്ലാതെ കെട്ടിടം ഉപയോഗിച്ചാലും ഒഴിയാന്‍ ആവശ്യപ്പെടാം.വാടകക്കാരന്‍ നിയമപരമായ വീഴ്ച്ചവരുത്തുകയോ കരാറിലെ വ്യവസ്ഥകള്‍ ലംഘിക്കുകയോ ചെയ്താലും ഉടമയ്ക്ക് ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടക്കാം.
വാടകകരാര്‍ ഒപ്പുവെച്ച തീയതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് വാടക വര്‍ദ്ധനവ് പാടില്ലെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. മൂന്ന് വര്‍ഷക്കാലയളവിന് ഇടയില്‍ വാടകവര്‍ദ്ധന വരുത്തണം എങ്കില്‍ വാടകകക്കാരന്റെ കൂടി അനുമതി ആവശ്യമാണ്. ഇത്തരത്തില്‍ വാടകവര്‍ദ്ധന വരുത്തിയാല്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് വാടകവര്‍ദ്ധന പാടില്ലെന്നും പുതിയ നിയമം അനുശാസിക്കുന്നുണ്ട്.കെട്ടിടം നല്‍കി പതിനഞ്ച് ദിവസത്തിനുള്ളില്‍ ഉടമ വാടകകരാര്‍ നല്‍കണം എന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്.