മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് എതിരെ പി.വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങളില്‍ സിപിഐഎം അന്വേഷണം നടത്തിയേക്കും.സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും വിഷയം ചര്‍ച്ച ചെയ്യും എന്നാണ് വിവരം.അന്‍വറിന്റെ പരാതിയെ ഗൗരവത്തോടെയാണ് സിപിഐഎം നേതൃത്വം കാണുന്നത്.
മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ ഇന്ന് രാവിലെ എകെജി സെന്ററില്‍ എത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പി.വി അന്‍വര്‍ പരാതി നല്‍കി.സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമായ പി.ശശിക്ക് എതിരെ രേഖാമൂലമുള്ള പരാതിയാണ് അന്‍വര്‍ നേതൃത്വത്തിന് നല്‍കിയിരിക്കുന്നത്. അന്‍വര്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ വെള്ളിയാഴ്ച നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.ഇതിന് ശേഷം ആയിരിക്കും അന്വേഷണത്തിന് കാര്യത്തില്‍ തീരുമാനം വരിക.
എഡിജിപി എംആര്‍ അജിത്കുമാറിനും മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരായ പരാതികളും പി.വി അന്‍വര്‍ പാര്‍ട്ട് സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. എഡിജിപിക്ക് എതിരായ പരാതി അന്വേഷിക്കാന്‍ ഉള്ള സംഘത്തില്‍ റാങ്കില്‍ താഴെ ഉള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയതില്‍ ഉള്ള നീരസവും അന്‍വര്‍ മാധ്യമങ്ങളോട് പങ്കുവെച്ചു.ഹെഡ്മാസ്റ്റര്‍ എതിരായ പരാതി പ്യൂണ്‍ അല്ല പരിശോധിക്കേണ്ടത് എന്നായിരുന്നു അന്‍വറിന്റെ പ്രതികരണം.ഇതിനിടെ പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.ശശി രംഗത്ത് എത്തി. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതല്‍ താന്‍ ആക്രമണം നേരിടുന്നുണ്ടെന്നും ഭയം തോന്നുന്നില്ലെന്നും പി.ശശി പ്രതികരിച്ചു. ഒരു ഇംഗ്ലീഷ് മാധ്യമത്തിനോട് ആണ് ശശിയുടെ പ്രതികരണം