പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഭവം നിര്‍ഭാഗ്യകരവും ആശങ്കപ്പെടുത്തുന്നതുമാണെന്ന് പ്രധാനമന്ത്രി. ലോക്‌സഭാ സ്പീക്കര്‍ അതീവ ഗൗരവത്തോടെ നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്നും സംഭവത്തെ ലാഘവത്തോടെ കാണുന്നില്ലെന്നും മോദി പറഞ്ഞു. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ രാഷ്ട്രീയവത്കരിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വിട്ടുനില്‍ക്കണമെന്ന് മോദി അഭ്യര്‍ഥിച്ചു. സംഭവത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണ്.
പാര്‍ലമെന്റില്‍ അരങ്ങേറിയ സംഭവങ്ങളെ ഒരുഘട്ടത്തില്‍ പോലും ലാഘവത്തോടെ സമീപിച്ചിട്ടില്ല. അതിനാലാണ് സ്പീക്കര്‍ അതീവഗൗരവത്തോടെ വിഷയത്തില്‍ നടപടി സ്വീകരിച്ചത്. ഇതിന് പിന്നിലെ ഘടകങ്ങള്‍, പദ്ധതികള്‍ തുടങ്ങിയവയെല്ലാം മനസ്സിലാക്കി പരിഹാരം കണ്ടെത്തുന്നതും ഒരുപോലെ പ്രധാനമാണ്. തുറന്ന മനസ്സോടെ അന്വേഷണം നടത്തണം. വിവാദങ്ങളില്‍ നിന്നും പ്രതികരണങ്ങളില്‍ നിന്നും പിന്മാറണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 13നാണ് സന്ദര്‍ശക ഗാലറിയിൽ നിന്ന് രണ്ട് യുവാക്കള്‍ ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി കളര്‍ സാനിസ്റ്റര്‍ പ്രയോഗിച്ച് ഭീതിപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചത്. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് യുവാക്കളുടെ അതിക്രമം. പ്രതിഷേധിച്ച അഞ്ചംഗ സംഘം ദേഹത്ത് സ്വയം തീകൊളുത്തുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടിയിരുന്നതായാണ് കേസ് അന്വേഷിക്കുന്ന ദില്ലി പൊലീസ് പറയുന്നത്. സഭയ്ക്കുള്ളില്‍ ലഘുലേഖകള്‍ വിതരണം ചെയ്യാനും ഇവര്‍ക്കു പദ്ധതിയുണ്ടായിരുന്നുവെന്നും പൊലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവം നടന്ന് നാലാം ദിവസമാണ് ഇക്കാര്യത്തില്‍ പ്രധാനമന്ത്രി പ്രതികരിക്കുന്നത്