പാര്‍ലമെൻ്റിൽ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിൻ്റെ മുഖ്യ ആസൂത്രകന്‍ ബംഗാള്‍ സ്വദേശിയും അധ്യാപകനുമായ ലളിത് ഝായാണെന്ന് റിപ്പോർട്ട്. സംഭവ സമയത്ത് ഇയാൾ പാര്‍ലമെന്‍റിനു പുറത്തുണ്ടായിരുന്നെന്നും ആക്രമണത്തിന്‍റെ വിഡിയോ ചിത്രീകരിച്ചെന്നുവെന്നും പോലീസ് പറയുന്നു. ലളിത് ഝായ്ക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ജനുവരി മുതൽ പ്രതികള്‍ പ്രതിഷേധം ആസൂത്രണം തുടങ്ങിയതായും ദില്ലി പൊലീസ് വ്യക്തമാക്കി.
ഒന്നര വർഷം മുൻപ് ചണ്ഡിഗഡിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിനെതിരെ നടന്ന പ്രതിഷേധത്തിലാണ് ഇവര്‍ കണ്ടുമുട്ടിയതെന്നാണു വിവരം. പിന്നീട് ഫെയ്സ്ബുക് കൂട്ടായ്മയിലൂടെ ബന്ധം ദൃഢമായി. മൂന്നു ദിവസങ്ങൾക്കു മുൻപ് പല സ്ഥലങ്ങളിൽനിന്നു ദില്ലിയിൽ എത്തി ഇന്ത്യാ ഗേറ്റിൽ വച്ച് കണ്ടുമുട്ടി. ഇവിടെവച്ചാണ് കാനിസ്റ്ററുകൾ കൈമാറിയത്.
പാർലമെന്റിൽ കടന്നു കയറിയത് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനാണെന്നാണ് പ്രതികളുടെ മൊഴി. തൊഴിലില്ലായ്മ, കാർഷിക പ്രശ്നങ്ങൾ, വിലക്കയറ്റം, മണിപ്പുർ വിഷയങ്ങളിലാണ് പ്രതിഷേധം. പുലർച്ചെ നാലുമണിവരെ നീണ്ട ചോദ്യം ചെയ്യലിലാണു പ്രതികൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. സംഭവത്തിൽ ഇതുവരെ ആറുപേർ പിടിയിലായിട്ടുണ്ട്.