മാസപ്പടി വിവാദത്തിൽ ധനവകുപ്പിന്റെ റിപ്പോർട്ട് തള്ളി മാത്യു കുഴൽനാടൻ. ധനവകുപ്പിൻ്റെ കത്ത് തനിക്ക് ലഭിച്ചില്ലെന്ന് പറഞ്ഞ മാത്യു മാധ്യമങ്ങളിലൂടെ പുറത്ത് വന്ന കത്തിലെ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സംസാരിച്ചത്. വീണ വിജയൻ ജിഎസ്ടി അടച്ചു എന്ന് സൂചിപ്പിക്കുന്നുണ്ടെങ്കിലും ഏത് കാലയളവിൽ ആണ് ഇത് എന്ന് പറയുന്നില്ല. മാസപ്പടിയായി കിട്ടിയ 1.72 കോടിയുടെ നികുതിയാണ് വീണ അടച്ചതെന്ന് ധനവകുപ്പിന്റെ റിപ്പോർട്ടിൽ എവിടെയും പരാമർശമില്ലെന്നും കുഴൽനാടൻ പറയുന്നു.
നികുതിയടച്ചോ എന്നതല്ല, മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയതാണ് പ്രധാനം. സേവനം നൽകാതെ മാസപ്പടി വാങ്ങിയത് ഗുരുതര തെറ്റ്. വീണ 2017 മുതൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. 2018-ലാണ് വീണ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുള്ളത്. പിന്നെ എങ്ങനെയാണ് അവർ ജിഎസ്ടി അടച്ചതെന്ന് വ്യക്തമാക്കണമെന്നും കുഴൽനാടൻ ആവശ്യപ്പെട്ടു. ധനവകുപ്പ് ഇപ്പോൾ ഇറക്കിയത് കത്തല്ല, കാപ്സ്യൂളാണെന്നും കുഴൽനാടൻ പറഞ്ഞു.
വീണയുടെ അക്കൗണ്ടില്‍ 60 ലക്ഷം രൂപ വന്നിട്ടുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അച്ഛന് പ്രത്യേക ആക്ഷന്‍ കാണിക്കാനുള്ള വൈഭവം ഉള്ളത് പോലെ വീണാ വിജയന് മാത്രമായി പ്രത്യേക രീതിയില്‍ ജിഎസ്ടി അടയ്ക്കാന്‍ കഴിയുമോ എന്ന് ധനമന്ത്രി വ്യക്തമാക്കണമെന്നും കുഴല്‍നാടന്‍ ആവശ്യപ്പെട്ടു. താന്‍ ആണോ തന്നെ സംശയത്തിന്‍റെ നിഴലിലാക്കുകയും വിഷയം വഴിതിരിച്ചുവിടുകയും ചെയ്യാന്‍ ശ്രമിച്ച ധനമന്ത്രിയാണോ മാപ്പ് പറയേണ്ടതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.