പതിനഞ്ചാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ആഗസ്റ്റ് എഴ് മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുവാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയിലെ ശാസ്ത്ര വിഭാഗം ജീവനക്കാര്‍ക്ക് ഏഴാം കേന്ദ്ര ശമ്പള പരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു. അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കല്‍ ജീവനക്കാര്‍ക്ക് 2021 ഫെബ്രുവരി 10 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള 11-ാം ശമ്പള പരിഷ്‌കരണവും നിബന്ധനകള്‍ക്ക് അനുസൃതമായി അനുവദിക്കും. കേരള അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ ബോർഡ് ജീവനക്കാരായി മാറിയ കേരള കൈത്തൊഴിലാളി, വിദഗ്ധ തൊഴിലാളി ക്ഷേമപദ്ധതിയിലെ സര്‍ക്കാര്‍ അംഗീകാരമുള്ള സ്ഥിരം തസ്തികയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് 11-ാം ശമ്പള പരിഷ്‌ക്കരണ ആനുകൂല്യങ്ങള്‍ നിബന്ധനകൾക്ക് വിധേയമായി അനുവദിക്കും.