Monday, September 9, 2024
HomeNewsKeralaനവകേരളം യാഥാർഥ്യമാക്കാൻ ഓരോ പൗരനും പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി

നവകേരളം യാഥാർഥ്യമാക്കാൻ ഓരോ പൗരനും പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. 76 വര്‍ഷംകൊണ്ട് രാജ്യം എത്തിച്ചേര്‍ന്ന സ്വന്തമാക്കിയ നേട്ടങ്ങള്‍ വിശദീകരിച്ച ശേഷം, കഴിഞ്ഞ ഏഴുവര്‍ഷത്തെ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ആയുര്‍ദൈര്‍ഘ്യത്തിന്റേയും സാക്ഷരതയുടേയും വരുമാനത്തിന്റേയും കാര്യത്തില്‍ 1947-നെ അപേക്ഷിച്ച് 2023-ല്‍ വളരെയേറെ മെച്ചപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക – സൈനിക ശക്തികളുടെ പട്ടികയിൽ ഇന്ന് ഇന്ത്യയുണ്ട്. ആഗോള തലത്തിലെ വലിയ ടൂറിസം കേന്ദ്രമാണ് നമ്മൾ. ലോക ഐ ടി രംഗത്ത് ഇന്ത്യ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. ബഹിരാകാശത്തും ചന്ദ്രനിലും ഒക്കെ നമ്മുടെ സാങ്കേതികവിദ്യയും ചെന്നെത്തിയിരിക്കുന്നു. ഇന്ത്യയിലെ ആയുർവ്വേദവും യോഗയും ചെറുധാന്യങ്ങളുമെല്ലാം ലോകശ്രദ്ധയിലെത്തി നിൽക്കുന്നു. തീർച്ചയായും ഇതൊക്കെ അഭിമാനകരമായ നേട്ടങ്ങളാണെന്ന് പിണറായി വിജയൻ പറഞ്ഞു.

അതേസമയം തന്നെ ഏഴു പതിറ്റാണ്ടുകൾക്കു മുമ്പ് ഒരു രാഷ്ട്രം എന്ന നിലയിൽ പുതിയ ദിശയിലേക്കു നീങ്ങിയ പല രാജ്യങ്ങളോടും താരതമ്യം ചെയ്യുമ്പോൾ സാമ്പത്തിക, സാമൂഹിക, ശാസ്ത്ര, സാങ്കേതിക മേഖലകളിലെല്ലാം നമ്മൾ ഇനിയുമേറെ മുന്നേറാനുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു. ഇന്ത്യയിലെ നാനാ ജാതി മതസ്ഥരും വിവിധങ്ങളായ പ്രദേശങ്ങളിൽ പെട്ടവരും വ്യത്യസ്തങ്ങളായ ഭാഷ, സംസ്‌കാരം, വിശ്വാസങ്ങൾ തുടങ്ങിയവ പിന്തുടരുന്നവരും ഉൾപ്പെട്ടതായിരുന്നു നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനം. എല്ലാ മനുഷ്യരെയും തുല്യരായി കണ്ടും സമൂഹത്തിന്റെയാകെ പ്രശ്‌നങ്ങളെ ഒറ്റക്കെട്ടായി നിന്ന് പരിഹരിച്ചുമാണ് നമ്മുടെ കേരളം പല കാര്യങ്ങളിലും രാജ്യത്തിനാകെ മാതൃകയായി തീർന്നിരിക്കുന്നത്. നമ്മുടെ ഒരുമയും മതനിരപേക്ഷതയും ശാസ്ത്രീയചിന്തയും എല്ലാം അതിനുപകരിച്ചിട്ടുണ്ട്. അവയെ പിറകോട്ടടിപ്പിക്കാൻ പല നീക്കങ്ങളും നടക്കുന്നുണ്ട്. അത്തരം ശ്രമങ്ങളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.

2016 ൽ കേരളത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏകദേശം 5.6 ലക്ഷം കോടി രൂപയായിരുന്നു. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം അത് 10.17 ലക്ഷം കോടി രൂപയിലേക്കെത്തിയിരിക്കുന്നു. അതായത്, കഴിഞ്ഞ 7 വർഷംകൊണ്ട് 84 ശതമാനം വർദ്ധനവ്. 2016 ൽ കേരളത്തിന്റെ പ്രതിശീർഷ വരുമാനം 1.48 ലക്ഷം രൂപയായിരുന്നു. ഇന്നത് 2.28 ലക്ഷം രൂപയായി ഉയർന്നിരിക്കുന്നു. 54 ശതമാനത്തിലധികം വർദ്ധനവ്. കേരളത്തിന്റെ കടത്തെ ജി എസ് ഡി പിയുടെ 39 ശതമാനത്തിൽ നിന്നും 35 ശതമാനത്തിൽ താഴെയെത്തിക്കാൻ കഴിഞ്ഞു. ഈ വിധത്തിൽ എല്ലാ തലങ്ങളിലും കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെയും അതിനടിസ്ഥാനം നൽകുന്ന വികസന പ്രവർത്തനങ്ങളുടെയും ഫലം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.

വ്യവസായ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കാനാണ് സംരംഭക വർഷം പദ്ധതി നടപ്പാക്കിയത്. ഒരു വർഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനാണ് നമ്മൾ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടക്കാൻ നമുക്കു സാധിച്ചു. തെരഞ്ഞെടുക്കപ്പെട്ട ആയിരം സംരംഭങ്ങളെ, ആകെ ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവുള്ള യൂണിറ്റുകളാക്കി ഉയർത്തുന്നതിനുള്ള മിഷൻ തൗസൻഡ് പദ്ധതി നടപ്പിലാക്കി വരികയാണ്. കേരളത്തിലെ ഐ ടി മേഖലയും കുതിപ്പിന്റെ പാതയിലാണ്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് 85,540 കോടി രൂപയുടെ ഐ ടി കയറ്റുമതിയാണ് കേരളത്തിൽ നിന്നുണ്ടായത്. ഈ കാലയളവിൽ 7,304 കോടി രൂപയുടെ നിക്ഷേപവും 62,000 തൊഴിലവസരങ്ങളും ഐ ടി മേഖലിൽ സൃഷ്ടിക്കപ്പെട്ടു.അഞ്ച് വർഷം കൊണ്ട് കിഫ്ബി മുഖേന 50,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാനായിരുന്നു നമ്മൾ 2016 ൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, ലക്ഷ്യത്തെ മറികടന്നുകൊണ്ട് 2021 ഓടെ 65,000 ത്തിലധികം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ നമുക്കു കഴിഞ്ഞു.

വിവിധ മേഖലകളിൽ കേരളം ഇപ്പോൾ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയാണ് നമ്മൾ നവകേരളം ഒരുക്കുക. അതിന് ഓരോ കേരളീയന്റെയും ആത്മാർത്ഥമായ സഹായവും സഹകരണവും ഉണ്ടാവണം. സ്വാതന്ത്ര്യ സമരകാലത്ത് മറ്റെന്തിനേക്കാളും രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിക്കു പ്രാധാന്യം കൊടുത്തവരാണ് നമ്മുടെ പൂർവ്വികർ. ഈയൊരു ഘട്ടത്തിൽ നവകേരള നിർമ്മിതിക്കാണ് നമ്മൾ പ്രാധാന്യം കൊടുക്കേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു.

സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എന്‍.സി.സി, സ്‌കൗട്ട്‌സ്, ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവരുടെയും പരേഡ് നടന്നു. മുഖ്യമന്ത്രി അഭിവാദ്യം സ്വീകരിച്ചു. വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡലുകള്‍, ഫയര്‍ സര്‍വ്വീസ് മെഡലുകള്‍, കറക്ഷനല്‍ സര്‍വ്വീസ് മെഡലുകള്‍, ജീവന്‍ രക്ഷാപതക്കങ്ങള്‍ എന്നിവ മുഖ്യമന്ത്രി സമ്മാനിച്ചു. തിരുവനന്തപുരം നഗരത്തിലെ വിവിധ സ്‌കൂളുകളിലെ കുട്ടികള്‍ ദേശഭക്തി ഗാനങ്ങള്‍ അവതരിപ്പിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments