വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ച് കൊല്ലാനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിനെതിരെ നൽകിയ പൊതു താൽപര്യ ഹർജി ഹൈകോടതി തള്ളി. ഹർജിക്കാർക്ക് 25000 രൂപ പിഴയും ചുമത്തി. ക്ഷീരകര്‍ഷകനെ കൊന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാമെന്ന ഉത്തരവിനെതിരേ ആനിമല്‍ ആന്‍ഡ് നേച്ചര്‍ എത്തിക്‌സ് കമ്യൂണിറ്റി നല്‍കിയ ഹർജിയാണ് തള്ളിയത്. മനുഷ്യനെ കൊന്നുതിന്ന കടുവയാണെന്നും പബ്ലിസിറ്റിക്ക് വേണ്ടി ശ്രമിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
ഒരു മനുഷ്യജീവൻ നഷ്ടമായതിനെ എങ്ങനെ വില കുറച്ചുകാണാനാകുമെന്ന് കോടതി ചോദിച്ചു. തുടർന്നാണ് പിഴ ചുമത്തിയത്. ചീഫ് ജസ്റ്റിസ് ആശിഷ് കെ.ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്. സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് വാകേരി കൂടല്ലൂരില്‍ യുവാവിനെ കൊന്നുതിന്ന കടുവയെ ആവശ്യമെങ്കില്‍ വെടിവെച്ചു കൊല്ലാമെന്ന് ഉത്തരവിറക്കിയത്. മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാനായില്ലെങ്കില്‍ കടുവയെ കൊല്ലാം എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ ഉത്തരവ് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ആരോപിച്ചാണ് ഇതിനെതിരേ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ പശുവിന് പുല്ലുവെട്ടാന്‍ പോയ പ്രജീഷി (36) നെയാണ് കടുവ കൊലപ്പെടുത്തിയത്. പ്രജീഷ് തിരിച്ചെത്താത്തിനെത്തുടര്‍ന്ന് സഹോദരന്‍ നടത്തിയ അന്വേഷണത്തിൽ വയലില്‍ പാതി ഭക്ഷിച്ച നിലയില്‍ പ്രജീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കടുവക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.