നടനും സംവിധായകനുമായ ആര്‍ മാധവന്‍ പുണെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍. മുന്‍ പ്രസിഡന്റ് ഡയറക്ടര്‍ ശേഖര്‍ കപൂറിന്റെ കാലാവധി കഴിഞ്ഞ മാര്‍ച്ച് 3 ന് അവസാനിച്ചിരുന്നു. മാധവനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി നിയമിച്ച വിവരം കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ എക്സിലൂടെ അറിയിച്ചു.
ചെയര്‍മാനും പ്രമുഖരായ പൂര്‍വ വിദ്യാര്‍ഥികള്‍ അടക്കം 12 അംഗങ്ങളും ഉള്‍പ്പെടുന്നതാണ് ഭരണ സമിതി. മാധവനെ അനുരാഗ് ഠാക്കൂർ അഭിനന്ദിക്കുകയും ചെയ്തു. മാധവന്റെ അനുഭവ സമ്പത്ത് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗുണകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും പുതിയ ഉയരങ്ങളിലെത്തിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കുറിച്ചു.
പ്രസിഡന്റായി നിയമിച്ചതില്‍ അനുരാഗ് ഠാക്കൂറിനോട് മാധവൻ നന്ദിയറിയിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ കൂടുതല്‍ വികസനത്തിനായി തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും മാധവൻ പ്രതികരിച്ചു.
മാധവൻ പ്രധാന വേഷത്തിലെത്തുകയും സംവിധാനം ചെയ്യുകയും ചെയ്ത റോക്കട്രി: ദ നമ്പി ഇഫക്ട് എന്ന ചിത്രം മികച്ച ഫീച്ചർ ഫിലിമിനുള്ള 69-ാമത് ദേശീയ പുരസ്കാരം സ്വന്തമാക്കിയിരുന്നു.