ഇടുക്കി ഗവ.എന്‍ജിനീയറിങ്ങ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിക്ക് തൊടുപുഴ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കേസ് വിളിക്കുമ്പോള്‍ നിരന്തരം ഹാജരാകാത്തതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. കുറ്റപത്രം വായിക്കുമ്പോഴും നിഖില്‍ പൈലി കോടതിയില്‍ ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പോലീസിനോട് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിടണം എന്നാണ് കോടതി നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. കുറ്റപത്രം വായിച്ചുകേൾപ്പിക്കാൻ കേസ് അടുത്ത മാസം നാലിലേയ്ക്ക് മാറ്റി.
കേസിലെ ഒന്നാം പ്രതിയാണ് നിഖില്‍. കൊലപാതകം, കൊലപാതകശ്രമം, തെളിവ് നശിപ്പിക്കൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം, അന്യായമായി സംഘം ചേരൽ എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തൊടുപുഴ സെഷന്‍സ് കോടതിയാണ് നിഖിലിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാനോ കൃത്യം നടന്ന സ്ഥലത്തു പ്രവേശിക്കാനോ പാടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണു ജാമ്യം അനുവദിച്ചത്. അറസ്റ്റ് വാറണ്ട് നില നിൽക്കെയാണ് നിഖിൽ പൈലി പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്തിയത്. കൊലക്കേസ് പ്രതി ചാണ്ടി ഉമ്മൻ്റെ പ്രചാരണത്തിനെത്തിയത് പുതുപ്പള്ളിയിൽ എത്തിയത് വിവാദമായിരുന്നു.
ധീരജ് കൊലക്കേസ് പ്രതിയായ നിഖിൽ പൈലിയെ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തിയത് ഖേദകരമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തിയിരുന്നു. നിഖിൽ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിനു വേണ്ടി കൊണ്ടുനടക്കുന്ന യുഡിഎഫിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിയണം. യു ഡി എഫ് സ്ഥാനാർത്ഥി പോലും നിഖിൽ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിക്കുകയുണ്ടായെന്നും ഡിവൈഎഫ്‌ഐ കുറ്റപ്പെടുത്തി. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനും മറ്റ് യൂത്ത് – കോൺഗ്രസ് നേതാക്കൾക്കുമൊപ്പമുള്ള നിഖിൽ പൈലിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ നിഖില്‍ പൈലി പ്രചാരണത്തിന് എത്തിയ വാര്‍ത്ത ചാണ്ടി ഉമ്മന്‍ നിഷേധിച്ചിരുന്നു.