ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി ദുബൈ. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് ആഗോളതലത്തില്‍ ദുബൈ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 47 നഗരങ്ങളെ പിന്തള്ളിയാണ് ദുബൈയുടെ നേട്ടം.ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷനിലെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അര്‍ബന്‍ സ്ട്രാറ്റജീസ്, പുറത്തിറക്കിയ ഏറ്റവും പുതിയ ഗ്ലോബല്‍ പവര്‍ സിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ട് പ്രകാരം, നഗര ശുചിത്വത്തില്‍, ദുബൈ വീണ്ടും, ആഗോളതലത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷാണ് ഈ അഭിമാനകരമായ അംഗീകാരത്തിന് ദുബൈനഗരം അര്‍ഹമാകുന്നത്. സുസ്ഥിരത, ആഗോള ആകര്‍ഷണം എന്നിവയ്ക്ക് ദുബൈ നല്‍കുന്ന പ്രാധാന്യമാണ്, ഈ നേട്ടത്തിന് പിന്നിലെന്ന് ദുബൈ മുനിസിപ്പാലിറ്റി പറഞ്ഞു.
ജീവിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറാനുള്ള ദുബൈയുടെ കാഴ്ചപ്പാടാണ് ആഗോള റാങ്കിങ്ങില്‍ ദുബൈയുടെ മികച്ച പ്രകടനത്തിന് പിന്നിലെന്ന് ദുബൈ മുനിസിപ്പാലിറ്റി ആക്ടിങ് ഡയറക്ടര്‍ ജനറല്‍ മര്‍വാന്‍ ബിന്‍ ഗാലിത പറഞ്ഞു. തുടര്‍ച്ചയായി അഞ്ച് വര്‍ഷമായി നഗരത്തിന്റെ ശുചിത്വം കാത്ത് സംരക്ഷിക്കുന്നതിനായി 3,200 ലധികം മോണിറ്റര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, എഞ്ചിനീയര്‍മാര്‍ എന്നിവരടങ്ങുന്ന ദുബൈ മുനിസിപ്പാലിറ്റിയുടെ ശുചിത്വ സംഘങ്ങളുടെ ശ്രമങ്ങളെ ബിന്‍ ഗാലിത അഭിനന്ദിച്ചു. 855 നൂതന വാഹനങ്ങള്‍, യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ എന്നിവയുടെ പിന്തുണയോടെയാണ് ദുബൈ മുനിസിപ്പാലിറ്റി നഗരശുചിത്വം ഉറപ്പാക്കുന്നത്. പാര്‍പ്പിട മേഖലകള്‍, വാണിജ്യ മേഖലകള്‍, സ്‌കൂള്‍ സോണുകള്‍, നഗര പ്രദേശങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവിടങ്ങളില്‍ 24 മണിക്കൂറും ഫീല്‍ഡ് ടീം പ്രവര്‍ത്തിക്കുന്നുണ്ട്.