ദുബൈയിലെ പബ്ലിക് പാര്‍ക്കുകളില്‍ നോല്‍കാര്‍ഡ് ഉപയോഗിച്ചുള്ള പ്രവേശനം നിര്‍ത്തി. പുതിയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ആണ് മാറ്റം.
ദുബൈയിലെ ഭൂരിഭാഗം പൊതുപാര്‍ക്കുകളിലും നോല്‍കാര്‍ഡ് ഉപയോഗിച്ചുള്ള പ്രവേശനം നിര്‍ത്തിയതായാണ് പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ദുബൈ മുന്‍സിപ്പാലിറ്റിയും ടെലികോം സേവനദാതാക്കളായ ഡുവും തമ്മില്‍ പുതിയ പേയ്‌മെന്റ് സംവിധാനത്തിന് കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് നോല്‍ കാര്‍ഡ് ഒഴിവാക്കപ്പെട്ടത്. പാര്‍ക്കിലേക്കുള്ള പ്രവേശനത്തിന് നവീന സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കരാര്‍. പാര്‍ക്കില്‍ പ്രവേശിക്കുന്നവരുടെ തിരിച്ചറിയല്‍ കൂടി കണക്കിലെടുത്താണ് പുതിയ സംവിധാനം. പണം നല്‍കിയോ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചോ പുതിയ സംവിധാനപ്രകാരം പ്രവേശന ടിക്കറ്റ് എടുക്കാം.
നോല്‍കാര്‍ഡ് സ്‌കാനര്‍ മെഷിനുകള്‍ക്ക് പകരം പുതിയ മെഷിനുകള്‍ പാര്‍ക്കുകളില്‍ സ്ഥാപിച്ചിട്ടുണ്ട്. അല്‍സഫ പാര്‍ക്ക് അടക്കമുള്ള പാര്‍ക്കുകളല്‍ നേരത്തെ തന്നെ സ്മാര്‍ട്ട് പേയ്‌മെന്റ് സംവിധാനം ഉണ്ട്. ഇത്തരം പാര്‍ക്കുകളില്‍ സന്ദര്‍ശകര്‍ക്ക് സാംസങ് പേ,ഗൂഗിളില്‍ പേ, ആപ്പിള്‍ പേ എന്നിവ ഉപയോഗിച്ച് പ്രവേശനടിക്കറ്റ് സ്വന്തമാക്കാം.