ദുബൈയില്‍ ടാക്‌സി സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പദ്ധതിയുമായി റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി. വാഹനശ്രേണി വിപുലീകരിക്കുന്നതിനൊപ്പം ശുചിത്വ നിലവാരം ഉയര്‍ത്താന്‍ ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കും. യാത്രക്കാരുടെ സുരക്ഷയും സേവനങ്ങളും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.ഉയര്‍ന്ന നിലവാരത്തിലുള്ള ഗതാഗത സേവനങ്ങള്‍ നല്‍കുകയാണ് ആര്‍ടിഎയുടെ ലക്ഷ്യം. ഇതിനായി പുതിയ സംരംഭങ്ങളും നടപടികളും ആരംഭിച്ചു. 500 എയര്‍പോര്‍ട്ട് ടാക്‌സികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ഫ്രഷ്‌നറുകള്‍ ഉപയോഗിച്ച് തുടങ്ങി.
വാഹനങ്ങളിലെ യാത്രക്കാര്‍ പുകവലിക്കുന്നത് കണ്ടെത്താന്‍ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ നിരീക്ഷണവും ആരംഭിച്ചു. വാഹനങ്ങളിലെ ശുചിത്വം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ പരിശോധനകളും ശക്തമാക്കും. ഡ്രൈവര്‍മാര്‍ക്കുള്ള യൂണിഫോം വിതരണം വര്‍ധിപ്പിക്കും. സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവങ്ങള്‍ നല്‍കിക്കൊണ്ട് ദുബൈയിലെ പൊതുഗതാഗത സേവനങ്ങളുടെ നിലവാരം വര്‍ധിപ്പിക്കാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് സംരംഭങ്ങളില്‍ വ്യക്തമാകുന്നതെന്ന് പൊതുഗതാഗത ഏജന്‍സിയിലെ പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡിവലപ്‌മെന്റ് മേധാവി ആദെല്‍ ഷക്രി വ്യക്തമാക്കി. നടപ്പിലാക്കുന്ന പദ്ധതികളില്‍ പ്രതിമാസം അവലോകനം നടത്തും. എമിറേറ്റില്‍ 250 പുതിയ ഇല്ക്ട്രിക് വാഹനങ്ങള്‍ക്കൂടിയാണ് ടാക്‌സി സേവനങ്ങളില്‍ ഉള്‍പ്പെടുത്തുന്നത്.