ദുബൈ സൂപ്പര്‍ സെയില്‍ വീണ്ടും എത്തുന്നു. മൂന്ന് ദിവസം ആണ് തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവില്‍ വില്‍പ്പന. നവംബര്‍ ഇരുപത്തിനാല് വെള്ളിയാഴ്ച മുതല്‍ നവംബര്‍ ഇരുപത്തിയാറ് ഞായറാഴ്ച വരെയാണ് ദുബൈ സൂപ്പര്‍ സെയിലിന്റെ പുതിയ പതിപ്പ്. അഞ്ചൂറിലധികം ബ്രാന്‍ഡുകള്‍ ഇത്തവണ സൂപ്പര്‍ സെയിലിന്റെ ഭാഗമാകും. എമിറേറ്റിലെ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ സൂപ്പര്‍ സെയിലിന്റെ ഭാഗമാകും. ദുബൈ ടൂറിസത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സൂപ്പര്‍ സെയിലില്‍ എമിറേറ്റിലെ ഷോപ്പിംഗ് മാളുകളും ഷോപ്പിംഗ് സെന്ററുകളും പങ്കാളികളാകും.
ഇലക്ട്രോണിക് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍,സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവ തൊണ്ണൂറ് ശതമാനം വരെ വിലക്കിഴിവില്‍ വാങ്ങുന്നതിനുള്ള അവസരം ആണ് സൂപ്പര്‍ സെയിലിലൂടെ ഒരുക്കിയിരിക്കുന്നത്. വിലക്കിഴിവിന് ഒപ്പം സമ്മാനങ്ങളും ഉപയോക്താക്കളെ കാത്തിരിക്കുന്നുണ്ട്. ദുബൈ ഫെസ്റ്റിവല്‍ സിറ്റി മാളിലും ഫെസ്റ്റിവല്‍ പ്ലാസയിലും മുന്നൂറ് ദിര്‍ഹത്തിന് മുകളില്‍ ഷോപ്പിംഗ് നടത്തിയാല്‍ മുപ്പിനായിരം ദിര്‍ഹത്തിന്റെ റിവാര്‍ഡ് പോയിന്റുകളാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഓരോ അരമണിക്കൂറിലും ഒരാള്‍ക്ക് വീതം റിവാഡ് പോയിന്റുകള്‍ ലഭിക്കും. ദുബൈയില്‍ വര്‍ഷത്തില്‍ രണ്ട് തവണയാണ് സൂപ്പര്‍ സെയില്‍ നടക്കുക