ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറവില്‍ വന്‍ ഓഹരി കുംഭകോണം നടന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്രമോദിക്ക് എതിരെയും അമിത് ഷായ്ക്ക് എതിരെയും ആണ് രാഹുലിന്റെ ആരോപണം. തട്ടിപ്പില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണം എന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന് രണ്ട് ദിവസം പിന്നിടും മുന്‍പാണ് നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. എക്‌സിറ്റ്‌പോളുകളുടെ മറവില്‍ ഓഹരി വിപണിയില്‍ വന്‍ തട്ടിപ്പ് നടന്നെന്ന ആരോപണം ആണ് രാഹുല്‍ ഉന്നയിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ നാലിന് ഓഹരി വിപണി റെക്കോര്‍ഡ് ഉയരത്തിലേക്ക് കയറുമെന്ന് പറഞ്ഞ് മോദിയും അമിത് ഷായും നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചു.
സ്റ്റോക്കുകള്‍ വാങ്ങിവെയ്ക്കാനും ആവശ്യപ്പെട്ടു. പിന്നാലെ ജൂണ്‍ ഒന്നിന് വ്യാജ എക്‌സിറ്റ് പോളുകള്‍ വരികയും ഓഹരി വിപണി ഉയരുകയും ചെയ്തു.തെരഞ്ഞെടുപ്പ് ഫലം വന്ന ജൂണ്‍ നാലിന് വിപണികള്‍ ഇടിയുകയും കോടികളുടെ നഷ്ടം ഉണ്ടായെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. 30 ലക്ഷം കോടിയുടെ നഷ്ടമാണ് വിപണിയില്‍ ഉണ്ടായത്. മുന്നൂറ് സീറ്റ് പോലും കിട്ടില്ലെന്നും ജൂണ്‍ നാലിന് ഓഹരിവിപണികള്‍ ഇടിയുമെന്നും മോദിക്ക് അറിയാമായിരുന്നു. ഇതിലൂടെ മോദിക്ക് അറിയാവുന്ന പലര്‍ക്കും വന്‍ നേട്ടമുണ്ടായിട്ടുണ്ടെന്നും രാഹുല്‍ ആരോപിച്ചു. തട്ടിപ്പിലൂടെ സാധാരണക്കാരായ നിക്ഷേപകര്‍ക്കാണ് പണം നഷ്ടമായത്.
മോദിക്കും അമിത് ഷായ്ക്കും ഒപ്പും നിര്‍മ്മലാ സീതാരാമനും ഓഹരി വിപണിയെ സ്വാധീനിക്കുന്ന പ്രസ്താവന നടത്തി. മോദിക്കും അമിത് ഷായ്ക്കും എതിരെയും വ്യാജ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടവര്‍ക്ക് എതിരെയും ജെ.പി.സി അന്വേഷണം വേണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.എഐസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കള്‍ക്ക് ഒപ്പം വാര്‍ത്താസമ്മേളനം നടത്തിയാണ് രാഹുല്‍ അഴിമതി ആരോപണം ഉന്നയിച്ചത്.