തൃശൂർ മാടക്കത്തറ പഞ്ചായത്തിലെ ചിറക്കേക്കോട്ട് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ സംഭവത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കൊട്ടേക്കാടൻ വീട്ടിൽ ജോജിയുടെ ഭാര്യ ലിജി (32) ആണ് മരിച്ചത്. ജോജി (39), മകൻ തെൻഡുൽക്കർ (12) എന്നിവർ സംഭവ ദിവസം തന്നെ മരിച്ചിരുന്നു. തീ കൊളുത്തിയ പിതാവ് ജോൺസൻ (68) വിഷം കഴിച്ച് മരിച്ചിരുന്നു.
സെപ്റ്റംബർ 14നു പുലർച്ചെ 12.30നാണു മകന്റെ കുടുംബം ഉറങ്ങുന്ന മുറിയിലേക്കു ജനലിലൂടെ ജോൺസൺ പെട്രോൾ ഒഴിച്ചത്. ഭാര്യ സാറ ഉറങ്ങുന്ന മുറി പൂട്ടിയിട്ട ശേഷമാണ് ഇയാൾ തീയിട്ടത്. കുറച്ച് വർഷങ്ങളായി ജോൺസനും മകനും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. വാടകവീട്ടിലേക്കു മാറിയ ജോജിയും കുടുംബവും ബന്ധുക്കൾ ഇടപെട്ടതിനെത്തുടർന്നു 2 വർഷം മുൻപാണ് വീട്ടിലേക്ക് തിരികെ താമസത്തിന് എത്തിയത്.
തീ പടരുന്നത് കണ്ട അയൽവാസികളാണ് ആംബുലൻസ് വിളിച്ച് പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആദ്യം ജൂബിലി മിഷനിലും പിന്നീട് എറണാകുളം മെഡിക്കൽ സെന്ററിലും പ്രവേശിപ്പിച്ചെങ്കിലും ജോജിയും തെൻഡുൽക്കറും അന്നു തന്നെ മരിച്ചു. വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ കണ്ടെത്തുകയായിരുന്നു. ചികിത്സയിൽ ആയിരുന്ന ജോൺസൺ ഒരാഴ്ച കഴിഞ്ഞ് മരിച്ചു.