ഗാസയിലേക്കുള്ള സഹായവിതരണം ഇസ്രയേല്‍ തടസ്സപ്പെടുത്തിയതോടെ പതിനായിരങ്ങള്‍ പട്ടിണി ഭീതിയില്‍.വെടിനിര്‍ത്തല്‍ നീട്ടിയ തീരുമാനം ഹമാസ് അംഗീകരിക്കണം എന്നാവശ്യപ്പെട്ടാണ് ഇസ്രയേല്‍ നടപടി.എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഹമാസ് നേതൃത്വം അറിയിച്ചു.
ഗാസയിലേക്കുള്ള മുഴുവന്‍ മാനുഷികസഹായവും തടസപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേല്‍.റമദാന്‍ ആരംഭിച്ചതോടെ വിവിധ രാജ്യങ്ങള്‍ കൂടുതല്‍ സഹായം ഗാസയിലേക്ക് എത്തിക്കുന്നുണ്ട്.എന്നാല്‍ ട്രക്കുകള്‍ ഗാസ മുനമ്പിലേക്ക് പ്രവേശിക്കുന്നതിന് ഇസ്രയേല്‍ അനുമതി നല്‍കുന്നില്ല.ഒന്നാംഘട്ടവെടിനിര്‍ത്തല്‍ നീട്ടാനുള്ള തീരുമാനം ഹമാസ് അംഗീകരിക്കും വരെ ട്രക്കുകള്‍ തടയും എന്നാണ് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുള്ളത്.ശേഷിക്കുന്ന ബന്ദികളില്‍ പകുതി പേരെ ഒറ്റഘട്ടമായി മോചിപ്പിക്കണം എന്നും ഇസ്രയേല്‍ ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ ഒന്നാംഘട്ട വെടിനിര്‍ത്തല്‍ നീട്ടുന്നതിനുള്ള ഇസ്രയേല്‍ തീരുമാനം ഹമാസ് അംഗീകരിക്കുന്നില്ല.രണ്ടാംഘട്ട വെടിനിര്‍ത്തല്‍ വേണം എന്നാണ് ഹമാസിന്റെ നിലപാട്.
ബന്ദികളെ ഘട്ടംഘട്ടമായി മാത്രമേ മോചിപ്പിക്കു എന്നും ഹമാസ് നേതൃത്വം വ്യക്തമാക്കുന്നുണ്ട്.ഗാസയിലേക്കുള്ള സഹായവിതരണം തടസപ്പെടുത്തുന്നത് വില കുറഞ്ഞ വിലപേശല്‍ തന്ത്രമാണെന്നും ഹമാസ് നേതൃത്വം ആരോപിച്ചു.റമദാനില്‍ ഗാസയിലേക്കുള്ള സഹായവിതരണം തടസ്സപ്പെടുത്തുന്ന ഇസ്രയേല്‍ നടപടിയ്ക്ക് എതിരെ രാജ്യാന്തര തലത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.സഹായം തടയുന്നത് നീതികരിക്കാന്‍ കഴിയില്ലെന്നും രാജ്യാന്തരനിയമങ്ങളുടെ ലംഘനം ആണെന്നും അറബ് രാഷ്ട്രങ്ങള്‍ ചൂണ്ടിക്കാട്ടി.