ടെലിമാര്‍ക്കറ്റിംഗ് നിയന്ത്രണനിയമം ലംഘിച്ചവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിച്ച് യുഎഇ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിട്ടി.നിരവധി മൊബൈല്‍ നമ്പറുകള്‍ റദ്ദാക്കി.നിയമലംഘകര്‍ക്ക് പിഴയും ചുമത്തിയെന്ന് ടിഡിആര്‍എ അറിയിച്ചു.
ടെലിമാര്‍ക്കറ്റിംഗ് നിയന്ത്രിക്കുന്ന പുതിയ നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് യുഎഇ ടിഡിആര്‍എ കര്‍ശന നടപടി ആരംഭിച്ചത്.
അനാവശ്യവും വഞ്ചനാപരവുമായ ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ വിളിച്ച വ്യക്തികള്‍ക്ക് എതിരെയാണ് നടപടി.രണ്ടായിരത്തിലധികം നിയമലംഘനങ്ങള്‍ ആണ് കണ്ടെത്തിയത്.വ്യക്തികളുടെ പേരുകളില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ നിന്നും ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ വിളിച്ചതിന് ആണ് നടപടി. 2024-ലെ അന്‍പത്തിയാറും അന്‍പത്തിയേഴും മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രകാരം ആണ് നടപടി സ്വീകരിച്ചതെന്ന് ടിഡിആര്‍എ അറിയിച്ചു.സ്വകാര്യമൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ടെലിമാര്‍ക്കറ്റിംഗ് കോളുകള്‍ വിളിച്ചാല്‍ അയ്യായിരം ദിര്‍ഹം ആണ് പിഴ.മാത്രമല്ല പിഴ അടയ്ക്കും വരെ ഈ വ്യക്തിയുടെ പേരിലുള്ള എല്ലാ ടെലിഫോണ്‍ കണക്ഷനുകളും റദ്ദാക്കും. കഴിഞ്ഞ ഓഗസ്റ്റില്‍ ആണ് യുഎഇ ടെലിമാര്‍ക്കറ്റിംഗ് നിയന്ത്രിക്കുന്നതിന് പുതിയ നിയമം അവതരിപ്പിച്ചത്.
പുതിയ നിയമപ്രകാരം കമ്പനികളുടെ പേരിലുള്ള ഫോണുകളില്‍ നിന്നും മാത്രമേ ടെലിമാര്‍ക്കറ്റിംഗ് പാടുള്ളു.രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ മാത്രമാണ് ടെലിമാര്‍ക്കറ്റിംഗിന് അനുമതിയുള്ളത്. തുടര്‍ച്ചയായി വിളിച്ച് ശല്യപ്പെടുത്തുന്നതിനും നിരോധനമുണ്ട്. വിവിധ നിയമലംഘനങ്ങള്‍കര്ക് ഒന്നരലക്ഷം ദിര്‍ഹം വരെയാണ് പിഴ.