കോഴിക്കോട് കോവിഡ് മരണം. കുന്നുമൽ വട്ടോളിയിൽ കളിയാട്ടുപറമ്പത്ത് കുമാരൻ (77) ആണ് മരിച്ചത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ശ്വാസ തടസ്സത്തെ തുടർന്നാണ് കുമാരനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം വഷളായി കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്. കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി . ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും മെഡിക്കൽ ഓഫീസർ അറിയിച്ചു.
അതേ സമയം, കൊവിഡ് 19 ന് കാരണമായ സാർസ് കോവ് 2 വൈറസ് അണുബാധ ശ്വാസകോശത്തിൽ രണ്ട് വർഷം വരെ നിലനിൽക്കാമെന്ന പഠനം പുറത്തു വന്നിരുന്നു. ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആൾട്ടർനേറ്റീവ് എനർജീസ് ആൻഡ് ആറ്റോമിക് എനർജി കമ്മീഷനുമായി (സിഇഎ) സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിൽ നിന്നുള്ള ഒരു സംഘമാണ് പഠനം നടത്തിയത്. അണുബാധയ്ക്ക് ശേഷം18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ SARS-CoV-2 കാണപ്പെടുന്നുവെന്നും പ്രതിരോധശേഷി കുറയുന്നതായും ഗവേഷകർ പറയുന്നു.
ചില വൈറസുകൾ ശരീരത്തിൽ സൂക്ഷ്മമായും കണ്ടെത്താനാകാത്ത വിധത്തിലും നിലനിൽക്കുന്നുവെന്നും ഗവേഷകർ പറഞ്ഞു. അണുബാധയ്ക്ക് ശേഷം 6 മുതൽ 18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ വൈറസുകൾ കണ്ടെത്തിയതായി പഠനങ്ങൾ സൂചിപ്പിക്കുന്നതായി ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിന്റെ എച്ച്ഐവിയിലെ ഇൻഫ്ലമേഷൻ ആൻഡ് പെർസിസ്റ്റൻസ് യൂണിറ്റ് വിഭാഗം മേധാവി മൈക്കിള മുള്ളർ-ട്രൂട്വിൻ പറഞ്ഞു.