ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂത്തികളുടെ ആക്രമണം തുടര്‍ന്നാല്‍
വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്ന് അമേരിക്ക അടക്കമുള്ള രാഷ്ട്രങ്ങള്‍. പാശ്ചാത്യരാജ്യങ്ങളുടെ കൂട്ടായ്മയാണ് ഹൂത്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചെങ്കടലിലെ ഹൂത്തി ഭീഷണിയെ തുടര്‍ന്ന് രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയ്ക്ക് വില വര്‍ദ്ധിച്ചു.
ഗാസയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കഴിഞ്ഞ നവംബര്‍ മുതല്‍ ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകള്‍ക്ക് യെമനിലെ ഹൂത്തി വിമതര്‍ ഭീഷണി ഉയര്‍ത്തിത്തുടങ്ങിയത്. ഇസ്രയേല്‍ ബന്ധമുള്ള കപ്പലുകള്‍ക്ക് നേരെ ആക്രമണം ഉണ്ടാകും എന്നായിരുന്നു ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നത് എങ്കിലും മറ്റ് കപ്പലുകള്‍ക്ക് നേരേയും ഹുത്തികളുടെ ആക്രമണം ഉണ്ടായി. ഇതോടെ ചെങ്കടല്‍ വഴിയുള്ള കപ്പല്‍ ഗതാഗതം പ്രതിസന്ധിയിലായി. ഈ ഘട്ടത്തിലാണ് അമേരിക്കയും യു.കെയും അടക്കം പന്ത്രണ്ട് രാഷ്ട്രങ്ങള്‍ ഹൂത്തികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ചെങ്കടലില്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും പന്ത്രണ്ട് രാജ്യങ്ങളുടെ കൂട്ടായ്മ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ഹൂത്തികള്‍ ആക്രമണം തുടര്‍ന്നാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും എന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ആഗോള തലത്തിലുള്ള ചരക്കുനീക്കത്തിന്റെ പതിനഞ്ച് ശതമാനത്തിലധികവും ചെങ്കടലിലൂടെയാണ്. ഹുത്തി ഭീഷണിയെ തുടര്‍ന്ന് അസംസ്‌കൃത എണ്ണയ്ക്ക് വില വീണ്ടും വര്‍ദ്ധിച്ച് തുടങ്ങി. ബ്രെന്റ് ക്രൂഡിനും ഡബ്ല്യുടിഐ ക്രൂഡിനും മൂന്ന് ശതമാനത്തോളം ആണ് വില വര്‍ദ്ധിച്ചത്. ബ്രെന്റ് ക്രൂഡിന് ഒരു ബാരലിന്റെ വില വീണ്ടും എണ്‍പത് ഡോളറിലേക്ക് അടുത്തു.