ചെങ്കടല്‍ വഴിയുള്ള ഇന്റര്‍നെറ്റ് കേബിള്‍ ശൃംഖലയ്ക്കും യെമനിലെ ഹൂത്തി ഭീഷണി. ചെങ്കടലിലെ രാജ്യാന്തര കേബിള്‍ ശൃംഖലയുടെ രൂപരേഖ ഹൂത്തികള്‍ പുറത്ത് വിട്ടിട്ടുണ്ട്. ഹൂത്തികള്‍ സമുദ്രാന്തര കേബിള്‍ ശൃംഖല തകര്‍ക്കാന്‍ സാധ്യതയുണ്ടെന്ന് യെമന്‍ ടെലികമ്മ്യൂണിക്കേഷന്‍ കോര്‍പ്പറേഷന്‍ മുന്നറിയിപ്പ് നല്‍കി. കേബിള്‍ ശൃംഖലയ്ക്ക് നേരെ ആക്രമണം ഉണ്ടായാല്‍ ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.
ചെങ്കടലിന് അടിയിലൂടെ പോകുന്ന കേബിള്‍ ശൃംഖലയുടെ ഒരു രൂപരേഖ ഹൂത്തികളുടെ ടെലിഗ്രാം ചാനലില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്. അതിനിര്‍ണ്ണായകമായ പതിനാറോളം കേബിളുകള്‍ ആണ് ചെങ്കടല്‍ വഴി കടന്ന് പോകുന്നത്. തെക്കുകിഴക്കന്‍ ഏഷ്യയേയും യൂറോപ്പിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് കേബിള്‍ ശൃംഖലയാണ് ചെങ്കടലിന് അടിയില്‍ ഉള്ളത്. ചിലയിടങ്ങളില്‍ കടലില്‍ നൂറ് മീറ്റര്‍ മാത്രം ആഴത്തിലാണ് കേബിളുകള്‍. 2013-ല്‍ മൂന്ന് പേര്‍ കടലിന് അടിയില്‍ മുങ്ങി ഇന്റര്‍നെറ്റ് കേബിളുകള്‍ മുറിക്കാന്‍ ശ്രമിച്ചതിന് ഈജിപ്തില്‍ അറസ്റ്റിലായിരുന്നു. അത്യാധുനിക ആയുധങ്ങളുമായി മേഖലയില്‍ പലയിടങ്ങളില്‍ പോരാട്ടം നടത്തുന്ന ഹൂത്തികള്‍ക്ക് ഈ കേബിളുകള്‍ നിഷ്പ്രയാസം തകര്‍ക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍.
ലോകത്തിലെ തന്നെ ഏറ്റവും നിര്‍ണ്ണായകമായ ഇന്റര്‍നെറ്റ് ശൃംഖലയ്ക്ക് ഹൂത്തികള്‍ ഭീഷണി സൃഷ്ടിക്കുകയാണെന്ന് മെയന്‍ വിവരസാങ്കേതിക വകുപ്പ് മന്ത്രി മുഅമര്‍ അല്‍ ഇര്‍യാനി മുന്നിറിയിപ്പ് നല്‍കി. യെമനിലെ ടെലികോം കമ്പനികളും ചെങ്കടലിലെ ഇന്റര്‍നെറ്റ് കേബിള്‍ ശൃംഖല ഹൂത്തികള്‍ ആക്രമിച്ചേക്കും എന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെങ്കടലിലെ ഈ കേബിള്‍ ശൃംഖല തകര്‍ക്കപ്പെട്ടാല്‍ യുഎഇ ഇന്ത്യയും അടക്കമുള്ള രാജ്യങ്ങളിലെ ഇന്റര്‍നെറ്റ് ബന്ധത്തെ ഗുരുതരമായി ബാധിക്കും. ചെങ്കടലിലെ കേബിള്‍ ശൃംഖലയുടെ രൂപരേഖയ്‌ക്കൊപ്പം ഒരു സന്ദേശവും ഹൂത്തികള്‍ ടെലിഗ്രാം ചാനലില്‍ നല്‍കിയിട്ടുണ്ട്.യെമന്‍ ഒരു തന്ത്രപ്രധാന കേന്ദ്രമാണെന്നും കടലിലൂടെ കടന്ന് പോകുന്ന കേബിളുകള്‍ രാജ്യങ്ങളെ മാത്രമല്ല ഭൂഖണ്ഡങ്ങളെ തമ്മിലും ബന്ധിപ്പിക്കുന്നതാണ് എന്നാണ് സന്ദേശം.