ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ് ബോട്ട് സേവനമായ ചാറ്റ് ജിപിടിയുടെ ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചു. എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. യുഎസ്, ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീല്‍ എന്നിവിടങ്ങളിലാണ് ചാറ്റ് ജിപിടി ആന്‍ഡ്രോയിഡ് അവതരിപ്പിച്ചത്. മറ്റ് രാജ്യങ്ങളിൽ വരുന്ന ദിവസങ്ങളിൽ ആപ്പ് എത്തിക്കുമെന്ന് ഓപ്പൺ എ ഐ അറിയിച്ചു.
മനുഷ്യന്റെ ഭാഷ മനസിലാക്കാനും അതിനനുസരിച്ച് സംഭാഷണങ്ങൾ നടത്താനുമാണ് ചാറ്റ് ജിപിടിയെ തയ്യാറാക്കിയിരിക്കുന്നത്. ചാറ്റ് ജിപിടിയുടെ ഉപയോഗം വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെയാണ് ആന്‍ഡ്രോയിഡ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം, നിര്‍ദേശങ്ങള്‍, ലേഖനങ്ങള്‍ എഴുതുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഈ ആപ്പ് ഉപയോഗിക്കാം.
‘കസ്റ്റമൈസ്ഡ് ഇന്‍സ്ട്രക്ഷന്‍സ്’ എന്ന പേരില്‍ പുതിയൊരു ഫീച്ചര്‍ ചാറ്റ്ജിപിടി അവതരിപ്പിച്ചിരുന്നു. ഭാവി ആശയവിനിമയങ്ങള്‍ക്ക് ഉപഗോഗിക്കുന്ന വിധം എന്തും ചാറ്റ് ജി പി ടി യോട് പറയാനാവുന്ന സൗകര്യമാണിത്. ചാറ്റ് ജി പി ടി പ്ലസ് ബീറ്റാ ഉപഭോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭിക്കുക. ആവശ്യങ്ങളും താല്പര്യങ്ങളും ഒക്കെ ഫീഡ് ചെയ്ത് വയ്ക്കുന്ന സംവിധാനമാണ് ഇത്.
ചാറ്റ്ആ ജി പി ടി യുടെ വരവ് വലിയൊരു കുതിച്ചുചാട്ടമാണ് സാങ്കേതിക മേഖലയിൽ ഉണ്ടാക്കിയത്. ബിസിനസ് രംഗത്ത് ഇതിന്റെ സാദ്ധ്യതകൾ എത്രത്തോളമാണെന്ന് പറയാനാവില്ല. ഈ സംവിധാനത്തെ കൂടുതൽ പേർസണൽ ആക്കുക എന്നതാണ് ഏതായാലും ഓപ്പൺ എ ഐ യുടെ ലക്‌ഷ്യം. ആപ്പിന്റെ ആൻഡ്രോയ്ഡ് പതിപ്പ് സൗജന്യമായി തന്നെ ഉപയോഗിക്കാം. ചാറ്റ് ജിപിടി-യുടെ വെബ് പതിപ്പ് 2022 നവംബറിലായിരുന്നു അവതരിപ്പിച്ചത്. ഏതായാലും ആപ്പുകൂടി വന്നതോട് കൂടി ചാറ്റ് ജി പി ടി യുടെ ഉപയോഗം കൂടുതൽ ജനകീയമാകും.