യുഎഇയുടെ ബഹിരാകാശഗവേഷണ രംഗത്തെ നിര്‍ണ്ണായക ചുവടുവെയ്പ്പായ ലൂണാര്‍ ഗെയ്റ്റ്‌വേ എയര്‍ലോക്കിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ചന്ദ്രനെ വലം വെയ്ക്കുന്ന ബഹിരാകാശ നിലയത്തിന്റെ നിര്‍ണ്ണായക ഘടകം ആണ് യുഎഇ നിര്‍മ്മിക്കുന്നത്. നാസ അടക്കമുള്ള രാജ്യാന്തര ബഹിരാകാശ ഏജന്‍സികളുമായി ചേര്‍ന്നാണ് പദ്ധതിക്കുള്ള പ്രവര്‍ത്തനങ്ങള്‍ യുഎഇ ആരംഭിച്ചിരിക്കുന്നത്. ചന്ദ്രനില്‍ വീണ്ടും മനുഷ്യനെ എത്തിക്കുന്നതിനുള്ള നാസയുടെ ആര്‍ട്ടെമിസ് പദ്ധതിയുടെ ഭാഗമായുള്ള ബഹിരാകാശ നിലയത്തിന്റെ ഒരു ഭാഗം ആണ് യുഎഇ നിര്‍മ്മിക്കുന്നത്. ചന്ദ്രനെ വലംവെയ്ക്കാന്‍ പോകുന്ന ഈ പേടകത്തിന്റെ ഏകപ്രവേശന കവാടമാണ് ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് സ്‌പെയ്‌സ് സെന്റര്‍ നിര്‍മ്മിക്കുന്ന എയര്‍ലോക്.
ലൂണാര്‍ ഗെയ്റ്റ്‌വേ എയര്‍ലോക്കിന്റെ നിര്‍മ്മാണത്തിനുള്ള പ്രവര്‍ത്തികള്‍ ഈ ആഴ്ച്ച ആരംഭിച്ചെന്ന് എം.ബി.ആര്‍.സി ഡയറക്ടര്‍ ജനറല്‍ സലേം അല്‍ മര്‍റി അറിയിച്ചു. പദ്ധതിക്ക് നേതൃത്വം നല്‍കുന്ന നാസയുടെ ജോണ്‍സണ്‍ സ്‌പെയ്‌സ് സെന്ററിലെ ലൂണാര്‍ ഗെയ്റ്റ്‌വേ സംഘവുമായി എം.ബി.ആര്‍.എസ്.സി സംഘം നിരവധി തവണ ഇതിനകം ചര്‍ച്ചകള്‍ നടത്തിയെന്നും സലേം അല്‍ മര്‍റി അറിയിച്ചു.പദ്ധതിയുടെ തുടക്കം മാത്രമേ ആയിട്ടുള്ളുവെന്നും അത് വിജയത്തില്‍ എത്തുമെന്ന് ഉറപ്പാണെന്നും സലേം അല്‍ മര്‍റി വ്യക്തമാക്കി. ലൂണാര്‍ ഗെയ്റ്റ്‌വേ മാതൃകയുടെ ചിത്രങ്ങളും എം.ബി.ആര്‍.സി പുറത്തുവിട്ടിട്ടുണ്ട്. ലൂണാര്‍ ഗെയ്റ്റ്‌വേയുടെ പത്ത് ടണ്‍ ഭാരമുള്ള എയര്‍ലോക്ക് ആണ് യുഎഇ നിര്‍മ്മിക്കുക.
പത്ത് മീറ്റര്‍ നീളവും നാല് മീറ്റര്‍ വീതിയുമാണ് എയര്‍ലോക്കിന് ഉണ്ടാവുക. നാസയും യൂറോപ്യന്‍ കനേഡിയന്‍ സ്‌പെയ്‌സ് എജന്‍സിയും ജപ്പാനും ചേര്‍ന്നാണ് ചന്ദ്രനെ വലംവെയ്ക്കുന്ന നിലയം നിര്‍മ്മിക്കുന്നത്. 2025-ല്‍ ലൂണാര്‍ ഗെയ്റ്റ്‌വേയുടെ ആദ്യഘടകങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുന്നതിന് ആണ് പദ്ധതി. 2030-ല്‍ ആയിരിക്കും യുഎഇ നിര്‍മ്മിക്കുന്ന എയര്‍ലോക് ബഹിരാകാശത്ത് എത്തിക്കുക.