ഗാസയില്‍ താത്കാലിക വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനായി മധ്യസ്ഥരാജ്യങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ ഹമാസ് നിരാകരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ഉറപ്പ് ലഭിക്കാതെ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അതെസമയം ബന്ദികളുടെ മോചനം നീളുന്നതില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ശക്തിപ്പെടുകയാണ്.
117 ദിവസം പിന്നിട്ട ഗാസ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഖത്തറും അമേരിക്കയും ഈജിപ്തും ചേര്‍ന്ന് നടത്തുന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ ആശാവഹമായ പുരോഗതിയുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഡിസംബര്‍ അവസാനം ആരംഭിച്ച ചര്‍ച്ചകളില്‍ നിന്നും രൂപപ്പെടുത്തിയ നിര്‍ദ്ദേശം ഹമാസിന് സമര്‍പ്പിച്ചിട്ടുണ്ട്. പാരിസില്‍ നടന്ന ചര്‍ച്ചകളില്‍ ആദ്യ ഘട്ടമായി നാല്‍പ്പത് ദിവസത്തെ വെടിനിര്‍ത്തലിനായിട്ടാണ് പദ്ധതി. വെടിനിര്‍ത്തിലിന് പകരമായി ശേഷിക്കുന്നതില്‍ ബന്ദികളില്‍ നൂറ് പേരെ ഹമാസ് മോചിപ്പിക്കണം. ബന്ദികളാക്കിയിരിക്കുന്ന സാധാരണക്കാരെ ആദ്യഘട്ടത്തില്‍ മോചിപ്പിക്കുന്നതിന് ആണ് നിര്‍ദ്ദേശം. പിന്നീട് തുടര്‍ഘട്ടങ്ങളില്‍ സൈനികരായ ബന്ദികള്‍ക്ക് ഹമാസ് മോചനം നല്‍കണം. മരിച്ച ബന്ദികളുടെ മൃതദേഹങ്ങളും കൈമാറണം. വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ പഠിക്കുന്നുവെന്നാണ് ഹമാസിന്റെ പ്രതികരണം.
ഗാസയില്‍ നിന്നും ഇസ്രയേല്‍ സൈനികരെ പൂര്‍ണ്ണമായും പിന്‍വലിക്കും വരെ ബന്ദികളെ മോചനമില്ലെന്നാണ് ഹമാസ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഹമാസ് പൂര്‍ണ്ണമായും തളളിക്കളയില്ലെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ അന്തിമ കരാറില്‍ ഹമാസ് ഒപ്പുവെച്ചേക്കില്ല. ബന്ദികളുടെ മോചനത്തിനായി ഇസ്രയേല്‍ ഭരണകൂടത്തിന് മേല്‍ വലിയ സമ്മര്‍ദ്ദമാണ് ബന്ധുക്കള്‍ ചെലുത്തുന്നത്.ഇസ്രയേലിന്റെ സുരക്ഷയ്ക്ക് ദോഷം വരും വിധത്തിലുള്ള കരാറിനും ഒരുക്കമല്ലെന്നാണ് ബന്ദികളാക്കപ്പെട്ടവരുടെ ബന്ധുക്കളോട് ബെന്യാമിന് നെതന്യാഹു നിലപാട് വ്യക്തമാക്കിയിട്ടുള്ളത്.