ഖത്തറില്‍ തടവിലായിരുന്ന മലയാളിടയക്കം എട്ട് ഇന്ത്യന്‍ മുന്‍ നാവികരെ വിട്ടയച്ചു. ഖത്തര്‍ അമീറിന്റെ തീരുമാനപ്രകാരമാണ് നാവികരെ മോചിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടിലിനെ തുടര്‍ന്നാണ് നാവികര്‍ക്ക് മോചനം നല്‍കിയത്. ദില്ലിയില്‍ തിരിച്ചെത്തിയ നാവികരെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. നാവികസേനയില്‍ സെയ്‌ലറായിരുന്ന മലയാളി രാഗേഷ് ഗോപകുമാര്‍, റിട്ടയര്‍ഡ് കമാന്‍ഡര്‍മാരായ പൂര്‍ണേന്ദു തിവാരി, അമൃത് നാഗ്പാല്‍, സുഗുണാകര്‍ പകാല, സഞ്ജീവ് ഗുപ്ത, റിട്ടര്‍ഡ് ക്യാപ്റ്റന്‍മാരായ നവ്‌തേജ് സിങ് ഗില്‍, ബീരേന്ദ്ര കുമാര്‍ വര്‍മ, സൗരഭ് വസിഷ്ഠ് എന്നിവരെയാണ് മോചിപ്പിച്ചത്.
2022 ഓഗസ്റ്റില്‍ 8 പേരും അറസ്റ്റിലായതു മുതല്‍ ഇന്ത്യ നടത്തിവരുന്ന നയതന്ത്ര ഇടപെടലുകളുടെ വിജയം കൂടിയാണ് ഇപ്പോഴത്തെ വിധി. ഡിസംബറില്‍ ഇവരുടെ വധശിക്ഷ ഖത്തര്‍ അപ്പീല്‍ കോടതി ഇളവു ചെയ്തിരുന്നു. ദുബൈയില്‍ കാലാവസ്ഥാ ഉച്ചകോടിക്കിടെ, ഡിസംബര്‍ ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. നാവികരുടെ മോചനത്തിനായി പ്രധാനമന്ത്രി ഖത്തര്‍ അമീറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് നാവികരെ വിട്ടയക്കാന്‍ ഖത്തര്‍ അമീര്‍ ഉത്തരവ് നല്‍കിയത്. തിരിച്ചെത്തിയ നാവികരെ ദില്ലിയില്‍ വിദേശകാര്യ മന്ത്രാലയം സ്വീകരിച്ചു. നാവികരുടെ മോചനം നയതന്ത്ര വിജയമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിക്കുകയാണ്, അദ്ദേഹത്തിന്റെ വ്യക്തിപരമായ ഇടപെടല്‍ കൊണ്ടു മാത്രമാണ് മോചനം സാധ്യമായതെന്നും ദില്ലിയില്‍ എത്തിയ മുന്‍ നാവികര്‍ പ്രതികരിച്ചു.
ദോഹയിലെ അല്‍ ദഹ്‌റ ഗ്ലോബല്‍ ടെക്‌നോളജീസ് ആന്‍ഡ് കണ്‍സല്‍റ്റന്‍സി സര്‍വീസസ് എന്ന കമ്പനിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. കമ്പനി മാനേജിങ് ഡയറക്ടറായിരുന്ന പൂര്‍ണേന്ദു തിവാരി പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവാണ്. ഖത്തര്‍ നാവികസേനയ്ക്കായി ഇറ്റാലിയന്‍ കമ്പനി നിര്‍മിക്കുന്ന അന്തര്‍വാഹിനി സംബന്ധിച്ച വിവരങ്ങള്‍ ഇസ്രയേലിനു ചോര്‍ത്തിക്കൊടുത്തുവെന്നതാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടിരുന്ന കുറ്റം.