Sunday, October 6, 2024
HomeNewsKeralaകേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; കർശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വര്‍ധന. ഇന്നലെ മാത്രം 111 അധിക കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു. ഒരു മരണവും കൊവിഡ് രോഗബാധയെ തുടർന്ന് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ചത് 122 കേസുകളായിരുന്നു. ആക്ടീവ് കേസുകൾ രാജ്യത്ത് 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്. കൊവിഡിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദമാണ് ജെ എൻ. വൺ. സെപ്റ്റംബറിൽ അമേരിക്കയിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയത്. രണ്ട് ദിവസം മുൻപ് ചൈനയിലും 7 കേസുകൾ സ്ഥിരീകരിച്ചു. ആകെ 38 രാജ്യങ്ങളിലായി ഈ വൈറസ് പടരുന്നുണ്ട്. കേരളത്തിലും ഔദ്യോഗികമായി കേസ് സ്ഥിരീകരിച്ചതോടെ ഈ പട്ടികയിലേക്ക് ഇന്ത്യയുമെത്തി.

ചില രാജ്യങ്ങളിൽ നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലെത്തുന്നുണ്ട്. തുടർന്ന് സിംഗപ്പൂരിലടക്കം അധികൃതർ യാത്രാ നിയന്ത്രണങ്ങൾ കർശനമാക്കിയിരുന്നു. നിലവിൽ ഇന്ത്യയിൽ കണ്ടെത്തിയ മറ്റ് വകഭേദങ്ങളേക്കാൾ ജെഎൻ 1 വകഭേദം വളരെ വേഗത്തിൽ പടരുന്നതും പ്രതിരോധശേഷിയെ മറികടക്കുന്നതുമാണെന്നാണ് വിദഗ്ധർ പറയുന്നത്. കൊവിഡ് ബാധിച്ച് ഭേദപ്പെട്ടവരെയും, വാക്സിനെടുത്തവരെയും ഈ വൈറസ് ബാധിക്കും. ജെഎൻ 1ന്റെ രോഗ ലക്ഷണങ്ങൾ മറ്റു വകഭേദങ്ങളുമായി സാമ്യമുള്ളതാണ്.

പനി, ജലദോഷം, തലവേദന അടക്കമുള്ള ലക്ഷണങ്ങൾ കാണുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ കഴുകുക, ശുചിത്വം പാലിക്കുക, രോഗ ലക്ഷണങ്ങളുള്ളവർ ഒട്ടും വൈകാതെ പരിശോധയ്ക്ക് വിധേയരാവുക, തുടങ്ങി നേരത്തെ നാം ശീലിച്ച മുൻകരുതലുകൾ തന്നെയാണ് ഈ വൈറസിനെ ചെറുക്കാനും സ്വീകരിക്കേണ്ടത്. തമിഴ്നാട്ടിൽ ഇന്നലെ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കര്‍ണാടകത്തിൽ 60 കേസുകളാണ് ആക്ടീവായുള്ളത്. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോര്‍ട്ട് ചെയ്തത്. ഗോവയിൽ രണ്ട് കേസുകളും അധികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗുജറാത്തിൽ ഒരു കേസും അധികമായി റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments