Saturday, July 27, 2024
HomeNewsKeralaകുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻ​ഗണന നൽകും; കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് മുൻ​ഗണന നൽകും; കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനികരമായ അന്തരീക്ഷം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലുവയിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്നും ഇനി ആവർത്തിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കുറ്റകൃത്യങ്ങൾ നടത്തുന്നവരെ അടിച്ചമർത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത്. എത്ര നിസാരമായ കുറ്റകൃത്യമായാൽപ്പോലും അവയെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിലും കുറ്റവാളികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുന്നതിലും ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഒരുക്കുന്നതോടൊപ്പം അവർക്കെതിരായ കുറ്റകൃത്യങ്ങൾ തടയുന്നതിനും അക്രമണങ്ങളിൽ കുറ്റമറ്റ രീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പിണറായി വിജയൻ പറഞ്ഞു. കുറ്റകൃത്യങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. ആലുവയിലെ കുട്ടിയുടെ വിഷയത്തിൽ പൊലീസ് ഉടൻ നടപടി സ്വീകരിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അൻവർ സാദത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തു തന്നെ ഏറ്റവും മികച്ച റിക്കോർഡുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ ചില പ്രദേശങ്ങളിൽ ചില സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഇതിനെ മറികടക്കണമെങ്കിൽ എല്ലാ പൊതുപ്രസ്ഥാനങ്ങളുടെയും ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകണം. പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാനത്ത് നിലവിലുള്ള പ്രത്യേക കോടതികൾക്കു പുറമെ 56 അതിവേഗ കോടതികൾ ആരംഭിക്കാൻ തീരുമാനിച്ചതിൽ 54 എണ്ണത്തിന്റെ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസുകളുടെ വിചാരണ, തീർപ്പാക്കൽ എന്നിവ നിരീക്ഷിക്കുന്നതിനുള്ള പ്രത്യേക സമിതി മാസത്തിലൊരിക്കൽ കേസുകളുടെ പുരോഗതി വിലയിരുത്തിവരുന്നു. ജില്ലാതലത്തിൽ പോക്‌സോ കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനും പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.

ആലുവ സംഭവത്തിൽ ഉണ്ടായ അനുഭവം ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്. ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പിടികൂടാൻ സഹായിച്ചത് അവിടുത്തെ രണ്ട് ചുമട്ടുത്തൊഴിലാളികളാണ്. അവരാണ് പോലീസിനു സഹായികളായി പുഴയിൽ നീന്തിച്ചെന്ന് പ്രതിയെ പിടികൂടിയത്. തിരുവല്ലൂർ സ്വദേശി ജി. മുരുകൻ, തുരുത്ത് സ്വദേശി വി.കെ. ജോഷി എന്നിവർ. സാമൂഹ്യവിരുദ്ധ സ്വഭാവമുള്ള ചിലർ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ സംഘടിച്ച് കുറ്റകൃത്യങ്ങൾ നടത്തുന്ന സംഭവങ്ങൾ തടയാൻ പോലീസ് പ്രതിജ്ഞാബദ്ധമാണ്. കൃത്യമായ പട്രോളിംഗിലൂടെയും മറ്റു പോലീസ് നടപടികളിലൂടെയും അങ്ങനെയുള്ള സംഘങ്ങളെ അടിച്ചമർത്തുക തന്നെ ചെയ്യും.

ഉപജീവനത്തിനായി നമ്മുടെ നാട്ടിലെത്തുന്ന അതിഥിത്തൊഴിലാളികൾ ആക്രമിക്കപ്പെടുകയും ചിലർ കുറ്റവാളികളാവുകയും ചെയ്യുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന അതിഥിത്തൊഴിലാളികളുടെ വിവരശേഖരണം പോലീസ് സ്റ്റേഷനുകൾ മുഖേന നടത്തുന്നുണ്ടെങ്കിലും ക്രിമിനൽ പശ്ചാത്തലമുള്ളവരുടെയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം സംസ്ഥാനത്ത് എത്തുന്നവരുടെയോ വിവരങ്ങൾ ശേഖരിക്കുന്നതിന് ചില പരിമിതികൾ പോലീസ് നേരിടുന്നുണ്ട്. തൊഴിൽദാതാക്കളോ കരാറുകാരോ വീട് വാടകയ്ക്ക് നൽകുന്നവരോ അതിഥിത്തൊഴിലാളികളുടെ വിവരങ്ങൾ കൃത്യമായി ശേഖരിച്ചുവയ്ക്കാത്തതുമൂലം ഇവരുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ കഴിയുന്നില്ല. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. അതിഥിത്തൊഴിലാളികളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും അവരുടെ രജിസ്‌ട്രേഷനുമായി തൊഴിൽ വകുപ്പ് ‘അതിഥി’ പോർട്ടൽ പ്രാവർത്തികമാക്കിയിട്ടുണ്ട്.

ജനമൈത്രി പോലീസ് ഉദ്യോഗസ്ഥർ, റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് അപരിചിതരായവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഇതിനു പുറമെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവരുടെ സഹകരണത്തോടെ സ്‌കൂളുകളിലും പരിസരപ്രദേശങ്ങളിലും കുട്ടികൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അതോടൊപ്പം റസിഡൻഷ്യൽ ഏരിയകളിൽ കുട്ടികൾ അപരിചിതരുമായി സഹകരിക്കുന്നത് ഒഴിവാക്കുന്നതിനുള്ള ബോധവത്ക്കരണവും നടത്തുന്നുണ്ട്.

ഗാർഹിക പീഡനം, സ്ത്രീധനവുമായി ബന്ധപ്പെട്ട പരാതികൾ എന്നിവ പോലീസ് സ്റ്റേഷനുകളിൽ നേരിട്ട് എത്താതെ തന്നെ നൽകുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. അസമയത്ത് വഴിയിൽ ഒറ്റപ്പെട്ടുപോകുന്ന വനിതകൾക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷ ഒരുക്കുന്നതിനായി ‘നിഴൽ’ എന്ന പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments