മുഖ്യമന്ത്രി ചെയർമാനായ ഡയറക്ടർ ബോർഡിന്റേതാണ് മസാല ബോണ്ട് തീരുമാനമെന്നും തനിക്ക് മാത്രമായി ഉത്തരവാദിത്തം ഇല്ലെന്നും ഇ.ഡിക്ക് മറുപടി നൽകി മുൻ ധനമന്ത്രി തോമസ് ഐസക്. ധനമന്ത്രി എന്ന ഔദ്യോഗിക ഉത്തരവാദിത്തം മാത്രമാണ് ഉണ്ടായിരുന്നതെന്നും ഐസക് വ്യക്തമാക്കി. ഏഴു പേജുള്ള കത്താണ് അദ്ദേഹം കൈമാറിയത്.
മസാല ബോണ്ട് കേസിൽ ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസമായിരുന്നു തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരാകേണ്ടിയിരുന്നത്. ഹാജരാകാത്തതിനെ തുടർന്നാണ് മറുപടി കത്ത് നല്‍കിയത്. ‘‘കിഫ്‌ബി മസാലബോണ്ടിൽ എനിക്ക് പ്രത്യേകമായി ഒരു ഉത്തരവാദിത്തവുമില്ല. കിഫ്‌ബി രൂപീകരിച്ചതുമുതൽ 17 അംഗ ഡയറക്ടർ ബോർഡിൻ്റെ മേൽനോട്ടത്തിലാണുള്ളത്. മുഖ്യമന്ത്രിയാണ് അതിന്റെ ചെയർമാൻ. കൂട്ടായ തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ധനമന്ത്രികിഫ്‌ബിയുടെ വൈസ് ചെയർമാൻ, കിഫ്‌ബി എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ എന്നീ പദവികൾ മന്ത്രി എന്ന നിലയിൽ വഹിച്ചവയാണ്. മന്ത്രി എന്ന നിലയിൽ ചുമതല ഒഴിഞ്ഞതോടെ കിഫ്‌ബിയുടെ ഏതെങ്കിലും രേഖകളോ കണക്കുകളോ എനിക്കു ലഭ്യമല്ല’’ എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചത്. ഇത് തന്നെ ആണ് കത്തിലും വ്യക്തമാക്കിയിരിക്കുന്നത്.
കിഫ്ബി മസാല ബോണ്ട് ഇറക്കിയതിനെ സംബന്ധിച്ചും അതിലൂടെ ലഭിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ചും ഓറൽ എവിഡൻസ് നൽകുന്നതിനായി ഹാജരാകണം എന്നാണ് ഇപ്പോഴത്തെ സമൻസിലൂടെ ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. ഇ.ഡിയുടെ പുതിയ സമൻസിനെയും കോടതിയിൽ നേരിടുമെന്നു തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.