കാര്‍ഷികമേഖലയെ ശക്തിപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ പദ്ധതിക്ക് തുടക്കമിട്ട് യുഎഇ. പ്ലാന്റ് ദി എമിറേറ്റ്‌സ് എന്ന പേരിലുള്ള പദ്ധതിക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നല്‍കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കാര്‍ഷിക ഉത്പാദനത്തില്‍ ഇരുപത് ശതമാനം വര്‍ദ്ധനയാണ് ലക്ഷ്യമിടുന്നത്.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ആണ് രാജ്യത്ത് കാര്‍ഷിക സംസ്‌കാരം വളര്‍ത്തുന്നതിനുള്ള പദ്ധതി പ്രഖ്യാപിച്ചത്. നിലവാരമുള്ള കാര്‍ഷികോത്പന്നങ്ങള്‍ തദ്ദേശിയമായി വികസിപ്പിച്ച് ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ആണ് പദ്ധതി.വീടുകളിലും സ്‌കൂളുകളിലും എല്ലാം കൃഷി വ്യാപകമാക്കും. പുതിയ തലമുറയില്‍ കൃഷിയോടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കുന്നതിന് പ്രചാരണം നടത്തും. കാര്‍ഷിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നത് അടക്കമുള്ള പദ്ധതികളും പ്ലാന്റ് ദി എമിറേറ്റ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
രാജ്യത്തെ ഓര്‍ഗാനിക് ഫാമുകളില്‍ ഇരുപത്തിയഞ്ച് ശതമാനത്തിന്റെയും ഗ്രീന്‍ഫാമുകളില്‍ മുപ്പത് ശതമാനത്തിന്റെ വര്‍ദ്ധന വരുത്തും. ഗ്രീന്‍ ടൂറിസവും പ്രോത്സാഹിപ്പിക്കും. കാര്‍ഷികമേഖലയുടെ വളര്‍ച്ചയ്ക്കായി ദേശീയ കാര്‍ഷിക കേന്ദ്രം സ്ഥാപിക്കും എന്നും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പറഞ്ഞു.