യുഎസ്: ടി20 ലോകകപ്പില്‍ നാളെ ബംഗ്ലാദേശിനെ നേരിടാനിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്നലെ അഫ്ഗാനിസ്ഥാനെതിരായ ആദ്യ സൂപ്പര്‍ 8 പോരാട്ടത്തില്‍ ഇന്ത്യ ആധികാരിക ജയം നേടിയെങ്കിലും ബാറ്റിംഗ് നിരയില്‍ ശിവം ദുബെ വീണ്ടും നിരാശപ്പെടുത്തിയിരുന്നു. ഏഴ് പന്തില്‍ 10 റണ്‍സ് മാത്രമെടുത്ത് മടങ്ങിയ ശിവം ദുബെക്ക് പകരം നാളെ സഞ്ജു സാംസണ് അവസരം നല്‍കകണമെന്ന ആവശ്യം ശക്തമാണ്. ഓപ്പണിംഗില്‍ വിരാട് കോലി ഇതുവരെ ഫോമിലാവാത്ത സാഹചര്യത്തില്‍ യശസ്വി ജയ്‌സ്വാളിനെ ഓപ്പണറാക്കി കോലിയെ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അനുവദിക്കണോ എന്നതും ടീം മാനേജ്‌മെന്റിന്റെ ചിന്തയിലുണ്ട്. അങ്ങനെ വന്നാല്‍ സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ല. നാളെ ബംഗ്ലാദേശിനെ വീഴ്ത്തി സെമി ഉറപ്പിച്ചാല്‍ 24ന് നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ അവസാന സൂപ്പര്‍ 8 പോരാട്ടത്തില്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാമെന്നതിനാല്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് നാളെ സാധ്യതയില്ലെന്നാണ് കരുതുന്നത്.