കരുവന്നൂര്‍ സഹകരണ ബാങ്ക് കേസിൽ മുന്‍ മന്ത്രിയും സിറ്റിങ് എം.എല്‍.എയുമായ എ.സി മൊയ്തീന്‍ ഇ.ഡിക്ക് മുന്നില്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ്സില്‍ പങ്കെടുക്കേണ്ടതിനാല്‍ ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് മൊയ്തീൻ ഇ.ഡിയെ അറിയിച്ചു. നിയമസഭാ സാമാജികര്‍ക്കായുള്ള ക്ലാസില്‍ പങ്കെടുക്കാനായി എ.സി മൊയ്തീന്‍ തലസ്ഥാനത്തുണ്ട്.
ഈ മാസം 10ന് മൊയ്തീനെ ഇ.ഡി 10 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. അദ്ദേഹം സമര്‍പ്പിച്ച രേഖകളും ഇ.ഡി ശേഖരിച്ച വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വീണ്ടും നോട്ടീസ് നല്‍കിയത്. നേരത്തെ മൊയ്തീന്റെ വസതിയില്‍ ഇ.ഡി റെയ്ഡ് നടത്തുകയും 28 ലക്ഷം രൂപയുടെ നിക്ഷേപ വിവരങ്ങള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച കേസില്‍ ഉള്‍പ്പെട്ട ബിനാമികളെന്ന് കരുതുന്നവരുടെ വീടുകള്‍ ഇ.ഡി റെയ്ഡ് ചെയ്തിരുന്നു.